കേന്ദ്ര സര്‍ക്കാറിന്റെ അനുഭാവ പൂര്‍ണ സമീപനത്തിന് കാക്കുന്നു -അഫി അഹ്മദ്
ദുബൈ: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് അടിയന്തിരമായി പോകേണ്ടവര്‍ക്കുള്ള ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുള്ള അനുഭാവ പൂര്‍ണമായ സമീപനത്തിന് കാത്തുനില്‍ക്കുകയാണെന്ന് ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്മാര്‍ട് ട്രാവല്‍സ് എംഡി അഫി അഹ്മദ് പറഞ്ഞു. മിക്കവാറും ഇന്ന് ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നും അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
നാട്ടിലേക്ക് വരുന്ന യാത്രക്കാരുടെ കോവിഡ് 19 ടെസ്റ്റ് നടത്തി രോഗമില്ലെന്ന് സ്ഥിരീകരിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാമെന്ന് കേന്ദ്ര മന്ത്രിക്കയച്ച നിവേദനത്തില്‍ ഉറപ്പ് നല്‍കിയതായും അഫി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ വളരെ അനുകൂലമായാണ് പ്രതികരിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു.
കോവിഡ് 19 യുഎഇയില്‍ ഭീതി വിതക്കാന്‍ തുടങ്ങിയതോടെ നിരവധി കുടുംബങ്ങളാണ് നാട്ടിലേക്ക് ഏത് വിധേനയും പോയാല്‍ മതിയെന്ന ചിന്തയില്‍ കഴിയുന്നത്. ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയതോടെ അത്യാവശ്യ കാര്യങ്ങള്‍ക്ക് പോകേണ്ട നിരവധി മലയാളികള്‍ യുഎഇയില്‍ കുടുങ്ങി ക്കിടക്കുകയാണ്. ഈ മാസാവസാനം ഫ്‌ളൈറ്റുകള്‍ പുനരാരംഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും കോവിഡ് 19 ഇന്ത്യയിലും വ്യാപകമായതോടെ തീരുമാനം അനിശ്ചിത കാലത്തേക്ക് മാറ്റുകയായിരുന്നു. യുഎഇയില്‍ കുടുംബത്തോടെ ജീവിക്കുന്ന പലരും എന്തെങ്കിലും സാധ്യത ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് നാട്ടിലേക്ക് കുടുംബത്തെ അയക്കാമെന്ന ആലോചനയിലാണ്. എന്തെങ്കിലും കാരണത്താല്‍ കുടുംബത്തിലെ ഒരാള്‍ക്ക് അസുഖം വന്നാലുള്ള സ്ഥിതി വിശേഷമാണ് എല്ലാവരെയും ഭീതിയിലാഴ്ത്തുന്നത്.
യുഎഇയിലെ സ്വകാര്യ ആശുപത്രികളിലടക്കം കോവിഡ് 19 റാപിഡ് ടെസ്റ്റിനുള്ള സൗകര്യം വന്നതോടെ യാത്ര പുറപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പോലും കൊറോണ ടെസ്റ്റ് ചെയ്യാമെന്നത് നാട്ടിലുള്ളവരുടെ ഭീതി അകറ്റാനും ഏറെ ഉപകരിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വേണമെങ്കില്‍ നാട്ടിലെത്തിയാലും ടെസ്റ്റ് ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്നും പ്രവാസികള്‍ പറയുന്നു.
ഏതായാലും, വരുംദിവസങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുള്ള അനുകൂല നീക്കമുണ്ടായാല്‍ പ്രവാസികള്‍ക്ക്, പ്രത്യേകിച്ച് കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന വലിയ സൗഭാഗ്യമായിരിക്കും അത്. യുഎഇയില്‍ നിന്ന് വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നതടക്കമുള്ള എല്ലാ കാര്യങ്ങള്‍ക്കും തങ്ങള്‍ തയ്യാറാണെന്ന് സ്മാര്‍ട് ട്രാവല്‍സ് പ്രതിനിധികള്‍ അറിയിച്ചു. ഇപ്പോള്‍ നാട്ടിലുള്ള അഫി അഹ്മദ് ഇതുസംബന്ധിച്ചുള്ള അനുമതിക്കായി നാട്ടില്‍ നിന്ന് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. യുഎഇയിലും നാട്ടിലുമുള്ള പൊതു പ്രവര്‍ത്തകരുടെ പിന്തുണ കൂടിയുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി പെട്ടെന്ന് ലഭ്യമാക്കാമെന്നും ഇതിന് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.