മകന്റെ അന്ത്യകര്‍മങ്ങള്‍ ഫേസ്ബുക്ക് ലൈവിലൂടെ കണ്ട് മലയാളി കുടുംബം

ദുബൈ: യുഎഇയിലെ ഒരു മലയാളി കുടുംബത്തിന് ക്യാന്‍സര്‍ ബാധിച്ച് മരിച്ച മകന്റെ ശവസംസ്‌കാരം ഫേസ്ബുക്ക് ലൈവില്‍ കാണേണ്ടി വന്നു.
ഷാര്‍ജി ജിഎംഎസ് മില്ലേനിയം സ്‌കൂളിലം പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ജുവല്‍ ആണ് കഴിഞ്ഞ ദിവസം കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ യാത്രാ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ചരക്ക് വിമാനത്തില്‍ മൃതദേഹം ജന്മനാടായ കേരളത്തിലേക്ക് കൊണ്ടുപോയി. ഇക്കഴിഞ്ഞ ഏപ്രില്‍ 10ന് വെള്ളിയാഴ്ചയാണ് ജുവല്‍.ജി ജോമിയെന്ന പതിനാറുകാരന്‍ മരിച്ചത്. കഴിഞ്ഞ ഏഴ് വര്‍ഷമായി കാന്‍സറിന് ചികിത്സയിലായിരുന്നു.
ജുവല്‍ ദുബൈയിലെ അമേരിക്കന്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. മാതാപിതാക്കളും രണ്ട് ഇളയ സഹോദരന്മാരും അടങ്ങുന്ന ജുവലിന്റെ കുടുംബം തകര്‍ന്ന ഹൃദയത്തോടെയാണ് ഇതെല്ലാം അനുഭവിച്ചത്. മൃതദേഹം നാട്ടില്‍ അടക്കം ചെയ്യാന്‍ അവര്‍ ആഗ്രഹിച്ചതിന്റെ അടിസ്ഥാനത്തില്‍, ദിവസങ്ങളുടെ പോരാട്ടത്തിനുശേഷം, ഏപ്രില്‍ 15 ബുധനാഴ്ച സാമൂഹ്യ പ്രവര്‍ത്തകരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പിന്തുണയോടെ കുട്ടിയുടെ മൃതദേഹം ചരക്ക് വിമാനത്തില്‍ അയയ്ക്കാന്‍ കുടുംബത്തിന് അനുമതി ലഭിച്ചു.
പിതാവ് അവനോടൊപ്പം പറക്കാന്‍ ആഗ്രഹിച്ചുവെങ്കിലും അത് സാധ്യമായില്ല. നിയന്ത്രണങ്ങളും സാമൂഹിക അകലം പാലിക്കല്‍ നിയമങ്ങളും കാരണം, എമിറേറ്റ്‌സ് കാര്‍ഗോ വിമാനത്തില്‍ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് മുഹൈസ്നയിലെ എംബാമിംഗ് സെന്ററില്‍ നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ കുടുംബാംഗങ്ങളെ മാത്രം അനുവദിച്ചു. ജുവലിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ യുഎഇയില്‍ പുലര്‍ച്ചെ 4 മണിക്ക് ആരംഭിച്ചു.
ഷാര്‍ജയിലെ സെന്റ് മേരീസ് ചര്‍ച്ച് അതിന്റെ വെബ്സൈറ്റിലെ യൂട്യൂബ് ലൈവ്‌സ്ട്രീമിംഗിലേക്ക് ഒരു ലിങ്ക് നല്‍കിയപ്പോള്‍, അവരുടെ കുടുംബവും ജുവലിന്റെ കുടുംബവും ഫേസ്ബുക്കില്‍ ചടങ്ങുകള്‍ കണ്ടതായി ബന്ധുക്കള്‍ പറഞ്ഞു. പത്തനംതിട്ടയിലെ കുടുംബവീട്ടില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങുകള്‍ പതിനായിരക്കണക്കിന് ആളുകള്‍ കണ്ടു തുടര്‍ന്ന് ഒരു പ്രാദേശിക പള്ളിയില്‍ മൃതദേഹം ഖബറടക്കി. ഹൃദയഭേദകമായ നിമിഷങ്ങളിലൂടെയാണ് ജുവലിന്റെ കുടുംബം ഈ സമയങ്ങളില്‍ കടന്നുപോയത്. യുഎഇയിലെ പ്രമുഖ മാധ്യമം ഈ സംഭവം വളരെ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.