ജലീല്‍ പട്ടാമ്പി
ദുബൈ: ദുബൈയിലെ അണുനശീകരണ യജ്ഞം 24 മണിക്കൂറാക്കി ദീര്‍ഘിപ്പിച്ചു. കോവിഡ് 19നെതിരായ കമാന്‍ഡ് ആന്റ് കണ്ട്രോള് സെന്റര്‍ സഹകരണത്തില്‍ ദുബൈ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ സമയത്ത് ജനങ്ങളുടെയും വാഹനങ്ങളുടെയും സഞ്ചാരത്തിനുള്ള നിയന്ത്രണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 4 ശനിയാഴ്ച രാത്രി 8 മണി മുതല്‍ ഇത് പ്രാബല്യത്തിലായി. രണ്ടാഴ്ച വരെ തുടരും. പുതുക്കേണ്ടതുണ്ടെങ്കില് അപ്രകാരം മാറ്റമുണ്ടാകും. ഇത് കൂടാതെ, ദുബൈയില്‍ ഏറ്റവുമധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഏരിയകളില്‍ വ്യാപകമായ കോവിഡ് 19 ടെസ്റ്റുകള്‍ നടത്തുന്നതാണ്. കൊറോണ ബാധയില്ലെന്നുറപ്പു വരുത്തി പൊതുജനാരോഗ്യം സംരക്ഷിക്കാനാണിത്. ഇക്കാലയളവില്‍ ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
യൂണിയന് കോഓപറേറ്റീവ് സ്റ്റോറുകളും ഫര്‍മസികളും ഭക്ഷണ-മരുന്ന് വിതരണ സ്ഥാപനങ്ങളും സാധാരണ പോലെ പ്രവര്‍ത്തിക്കുന്നതാണ്. ഭക്ഷണം, മരുന്ന് എന്നിങ്ങനെയുള്ള അത്യാവശ്യ കാര്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുത്. ഒരു കുടുംബത്തില്‍ നിന്നും ഒരാള്‍ക്ക് മാത്രമേ ഇങ്ങനെ പുറത്തിറങ്ങാനും അനുമതിയുള്ളൂ. ഇങ്ങനെ പുറത്തിറങ്ങുന്നവരെ ശ്രദ്ധയില്‍ പെട്ടാല്‍, അവര്‍ നിര്‍ദിഷ്ട മേഖലകളില്‍ പെട്ടവര്‍ തന്നെയാണോയെന്നറിയാന്‍ ബിസിനസ് കാര്‍ഡുകളോ, അല്ലെങ്കില്‍ എമിറേറ്റ്സ് ഐഡിയോ പരിശോധിച്ചുറപ്പു വരുത്തിയ ശേഷം മാത്രമേ ഇന്‍സ്പെക്ടര്‍മാര്‍ അനുവദിക്കുകയുള്ളൂ.
ഊര്‍ജം, വാര്‍ത്താ വിനിമയം, മാധ്യമങ്ങള്‍, വിദ്യാഭ്യാസം, സുരക്ഷ, പൊലീസ്, മിലിട്ടറി, പോസ്റ്റല്‍, ചരക്കു നീക്കം, ആശുപത്രികള്‍, ക്ളിനിക്കുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, വെള്ളം, ഭക്ഷണം, സിവില്‍ ഏവിയേഷന്‍, എയര്‍പോര്‍ട്ട്, പാസ്പോര്‍ട്ട്, ധനകാര്യ-ബാങ്കിംഗ് മേഖലകള്‍, ഗ്യാസ് സ്റ്റേഷനുകള്‍, നിര്‍മാണ പ്രൊജക്ടുകള്‍, ഷിപ്പിംഗ്, കസ്റ്റംസ്-അതിര്‍ത്തി സുരക്ഷാ സേവനം, പൊതു-സ്വകാര്യ സുരക്ഷാ സേവനങ്ങള്‍, മുനിസിപ്പാലിറ്റി-പൊതു-സ്വകാര്യ സേവനങ്ങള്‍, അഴുക്ക് സംഭരണ-മലിന ജല നിര്‍ഗമന-പൊതു ശുചിത്വ മാനേജ്മെന്റ് സേവനങ്ങള്‍, കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ പങ്കെടുക്കുന്ന സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ നിര്‍ണായകവും അത്യാവശ്യവുമായ മേഖലകളിലുള്പ്പെടുന്നു.
ജനങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന സംരക്ഷണവും സുരക്ഷയും ഇതു വഴി സാധ്യമാകുമെന്ന് അധികൃതര്‍ പ്രത്യാശിക്കുന്നു. നിര്‍ദിഷ്ട നിബന്ധനകള്‍ ആരെങ്കിലും ലംഘിച്ചാല്‍ കടുത്ത നിയമ നടപടികള്‍ നേരിടേണ്ടി വരും. വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നവരെല്ലാം മാസ്ക്, കയ്യുറകള്‍ ധരിക്കണം. മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കണം.
റെസ്റ്റോറന്റുകള്‍ക്ക് ഹോം ഡെലിവറി മാത്രമേ നടത്താനാകൂ.
രാവിലെ 8 മുതല്‍ ഉച്ച 2 മണി വരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള ജീവനക്കാര്‍: ബാങ്കിംഗ്-ഫിനാന്‍ഷ്യല്‍ സര്‍വീസുകള്‍ (ബാങ്കുകള്‍, എക്സ്ചേഞ്ച് സെന്ററുകള്‍), സാമൂഹിക ക്ഷേമ സേവനങ്ങള്‍, ലോണ്‍ഡ്രി സര്‍വീസുകള്‍, അറ്റകുറ്റപ്പണികള്‍.
സമൂഹത്തിന്റെ സുരക്ഷ പരിഗണിച്ച് 24 മണിക്കൂറുമുള്ള ഈ നിയന്ത്രണം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥമാണെന്ന് ദുബൈ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അറിയിച്ചു.