കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് പറക്കാം: ഇന്ത്യയിലെ യുഎഇ അംബാസഡര്‍

    ഇന്ത്യയിലെ യുഎഇ അംബാസഡര്‍ ഡോ. അഹ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ബന്ന

    ദുബൈ: കോവിഡ് 19 ടെസ്റ്റ് നെഗറ്റീവായ യുഎഇയിലെ ഇന്ത്യക്കാര്‍ക്കും മറ്റു രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും തങ്ങളുടെ ജന്മനാടുകളിലേക്ക് പോകാമെന്നും യുഎഇ അതിന് അനുകൂലമാണെന്നും ഇന്ത്യയിലെ യുഎഇ അംബാസഡര്‍ ഡോ. അഹ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ബന്ന. പ്രമുഖ യുഎഇ ഇംഗ്‌ളീഷ് മാധ്യമത്തോട് സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. യുഎഇയിലെ വിവിധ രാജ്യങ്ങളുടെ എംബസികള്‍ക്ക് യുഎഇ വിദേശ കാര്യ-രാജ്യാന്തര സഹകരണ മന്ത്രാലയം ഇതുസംബന്ധിച്ച് ആഴ്ചകള്‍ക്ക് മുന്‍പ് നിര്‍ദേശം നല്‍കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ”യുഎഇയില്‍ നിന്നും ഒഴിപ്പിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ടെസ്റ്റ് നേരത്തെ ഓഫര്‍ ചെയ്തതായിരുന്നു. ഏറ്റവും മികച്ച സൗകര്യങ്ങളും മികച്ച ടെസ്റ്റിംഗ് സെന്ററുകളും ഞങ്ങള്‍ക്കുണ്ടെന്ന് എല്ലാവര്‍ക്കും ഉറപ്പു നല്‍കുന്നു. 5 ലക്ഷത്തിലധികം പേരില്‍ ഇതിനകം ഞങ്ങള്‍ ടെസ്റ്റ് നടത്തിക്കഴിഞ്ഞു” -അല്‍ബന്ന വ്യക്തമാക്കി. ”ചില കാരണങ്ങളാല്‍ യുഎഇയില്‍ കുടുങ്ങിപ്പോയവരില്‍ ജന്മനാട്ടിലെത്താന്‍ ആഗ്രഹമുള്ളവരെ അയക്കാന്‍ ഞങ്ങള്‍ സഹകരണം ഉറപ്പു നല്‍കുന്നു. ഇന്ത്യയിലെ എയര്‍പോര്‍ട്ടുകള്‍ അടച്ചതും ലോക്ക്ഡൗണും മൂലം ചിലര്‍ വിഷമത്തിലായിട്ടുണ്ട്. അതില്‍, യുഎഇയില്‍ സന്ദര്‍ശനത്തിലുള്ളവരും പെടും. ഓരോ രാജ്യങ്ങളുടെയും ഭരണകൂടങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം ആവശ്യമായ ടെസ്റ്റുകളും വിമാന സൗകര്യവും നല്‍കാന്‍ ഞങ്ങള്‍ ഒരുക്കമാണ്” -അദ്ദേഹം വ്യക്തമാക്കി. കോവിഡ് 19 പോസിറ്റീവായവര്‍ യുഎഇയില്‍ തന്നെ തങ്ങും. തങ്ങളുടെ ഗൃഹ സൗകര്യങ്ങളില്‍ അവരെ പരിചരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍, ഇതുസംബന്ധിച്ച് ഇന്ത്യയില്‍ നിന്നും ഇതു വരെ ഔദ്യോഗികമായ ഒരു പ്രതികരണവും ലഭിച്ചിട്ടില്ല. മന്ത്രിയുടെ അഭിപ്രായങ്ങള്‍ മാധ്യമങ്ങളില്‍ കണ്ടുവെന്നല്ലാതെ ഇതു വരെ ഔപചാരിക വിവരം ലഭിച്ചിട്ടില്ലെന്നും കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി.മുരളീധരന്റെ കമന്റ് സംബന്ധിച്ച് പ്രതികരിക്കവേ അദ്ദേഹം മറുപടി പറഞ്ഞു. മെയ് മുതല്‍ മാത്രമേ നാട്ടിലേക്ക് വരണ്ടേവരെ പരിമഗണിക്കാനാവുകയുള്ളൂവെന്നാണ് മന്ത്രി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നത്.