യുഎഇയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കണമെന്ന കെഎംസിസി ഹര്‍ജിയില്‍ കേന്ദ്ര, കേരള സര്‍ക്കാറുകളുടെ നിലപാട് തേടി ഹൈക്കോടതി

 

ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച നയപരമായ തീരുമാനമുണ്ടെങ്കില്‍ അത് ഹാജരാക്കാനും നിര്‍ദേശം

കൊച്ചി/ദുബൈ: കോവിഡ്19 പടരുന്ന സാഹചര്യത്തില്‍ യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ അടിയന്തിരമായി തിരിച്ചെത്തിക്കണമെന്ന ദുബൈ കെഎംസിസിയുടെ ഹര്‍ജിയില്‍ കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാറിന്റെ മറുപടി തേടി. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹര്‍ജിയില്‍ വാദം കേട്ടാണ് പ്രവാസികളെ തിരികെ എത്തിക്കാന്‍ ആകുമോയെന്നതില്‍ കോടതി കേന്ദ്രത്തോട് മറുപടി ആവശ്യപ്പെട്ടത്. കോവിഡിനെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയവരെ തിരികെ എത്തിക്കുന്നത് സംബന്ധിച്ച് നയപരമായ തീരുമാനം ഉണ്ടെങ്കില്‍ ഹാജരാക്കാനും കോടതി ഉത്തരവിട്ടു. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാറും മറുപടി ഫയല്‍ ചെയ്യണം.
ഇതോടെ, യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷക്കും ചികിത്സക്കുമായി സര്‍ക്കാറുകള്‍ സ്വീകരിച്ച നടപടികള്‍ കോടതിയെ അറിയിക്കേണ്ടി വരും. പൊതുതാല്‍പര്യ ഹരജിയില്‍ എതിര്‍ കക്ഷിയായ സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളുടെ ആവശ്യത്തെ പിന്തുണക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ശക്തമായ നിലപാട് എടുത്തില്ല. മറ്റൊരു സംഘടന ഇതേ ആവശ്യമുന്നയിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാറിനു വേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ ബോധിപ്പിച്ചത്. പ്രവാസികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശ കാര്യ മന്ത്രാലയത്തിന് കത്തയച്ചതായും
അദ്ദേഹം അറിയിച്ചു. ഇതോടെ, കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകനും ഈ നിലപാട് എടുത്തു. എന്നാല്‍, ഹര്‍ജി നല്‍കിയ ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലിന് വേണ്ടി ഹാജരായ അഡ്വ. ഹാരിസ് ബീരാന്റെ വാദങ്ങള്‍ കേട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാറുകളുടെ നിലപാട് ഫയല്‍ ചെയ്യാന്‍ നിര്‍ദേശിച്ച് ഹര്‍ജി ഈ മാസം 17ലേക്ക് മാറ്റിയത്.
തൊഴിലന്വേഷിച്ച് സന്ദര്‍ശക വിസയില്‍ വന്ന് കാലാവധി തീര്‍ന്ന് ചെലവിന് കാശില്ലാതെ വലയുന്നവരടക്കം കോവിഡിനെ തുടര്‍ന്ന് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിനാളുകള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അഡ്വ. ഹാരിസ് ബീരാന്‍ കോടതിയെ അറിയിച്ചു. യാത്രാ നിയന്ത്രണം കാരണം കുട്ടികള്‍ ഇന്ത്യയിലും മാതാപിതാക്കള്‍ യുഎഇയിലുമായി കഴിയേണ്ടി വരുന്നവര്‍, തുടര്‍ ചികിത്സ ലഭ്യമാക്കാന്‍ ഇന്ത്യയില്‍ എത്തേണ്ടത് അനിവാര്യമായ ഗര്‍ഭിണികള്‍, പരിചരിക്കാന്‍ മറ്റാരുമില്ലാത്ത അസുഖ ബാധിതരായവരെ സഹായിക്കേണ്ടതായ കുടുംബാംഗങ്ങള്‍, തൊഴിലും ഭക്ഷ്യവസ്തുക്കളും ഇല്ലാതെ ലേബര്‍ ക്യാമ്പുകളില്‍ തുടരേണ്ടി വരുന്നവര്‍ എന്നിവരെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ നടപടി വേണം. എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ളൈ ദുബൈ എന്നീ വിമാന കമ്പനികള്‍ ഇതിനായി സര്‍വീസ് നടത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കോവിഡ് രോഗികള്‍ അല്ലാത്തവരെ നാട്ടിലെത്തിക്കാന്‍ കോടതി ഇടപെടണമെന്നും അഡ്വ. ഹാരിസ് ബീരാന്‍ ബോധിപ്പിച്ചു.
കോവിഡ് 19 ചെറുക്കാന്‍ കേരളം മികച്ച മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വിദേശത്തുള്ളവരെ ഈ ഘട്ടത്തില്‍ നാട്ടില്‍ എത്തിക്കുന്നത് സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്നും ജസ്റ്റിസുമാരായ എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, ഷാജി.പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ വിവേകത്തെ ഇപ്പോള്‍ ചോദ്യം ചെയ്യുന്നില്ലെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി റിപ്പോര്‍ട്ട് നല്‍കട്ടെയെന്നും കോടതി വ്യക്തമാക്കി. ഇത് പരിഗണിച്ച് കോടതി ഏപ്രില്‍ 17ന് കെഎംസിസി ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കും.
മറ്റ് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന അവരുടെ പൗരന്‍മാരെ പ്രത്യേക വിമാനങ്ങളില്‍ ഇന്ത്യയില്‍ നിന്നടക്കം നാട്ടിലെത്തിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ മാതൃകയാക്കണമെന്നതടക്കമുള്ള വാദങ്ങള്‍ ഉന്നയിച്ചാണ് സുപ്രീം കോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍, കേരള ഹൈക്കോടതി അഭിഭാഷകന്‍ എം. മുഹമ്മദ് ഷാഫി എന്നിവര്‍ മുഖേന ദുബൈ കെഎംസിസി ഹൈക്കോടതിയെ സമീപിച്ചത്. തിരിച്ചു കൊണ്ടു വരുന്ന പൗരന്‍മാര്‍ കോവിഡ് കാലത്ത് ലോകാരോഗ്യ സംഘടനയും കേരള സര്‍ക്കാറും നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ച് സര്‍ക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍ കഴിഞ്ഞു കൊള്ളാന്‍ തയാറാണെന്നും ഹരജിക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.