5 മരണം; 1289 പേര്‍ക്ക് രോഗബാധ
അഷ്റഫ് വേങ്ങാട്ട്
റിയാദ്: കോവിഡ് 19 ബാധിച്ച് സഊദിയില്‍ ഇന്നലെ അഞ്ച് പേര് മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 144 ആയി. പുതുതായി 1,289 പേര്‍ക്ക് രോഗബാധ കണ്ടെത്തിയതോടെ ആകെ രോഗബാധിതരുടെ എണ്ണം 18,811 ആയതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 174 പേര് കൂടി രോഗമുക്തി നേടിയതോടെ 2,531 പേര്‍ക്ക് രോഗം പൂര്ണമായംേ ഭേദമായി ആസ്പത്രി വിട്ടു. 161,36 പേര് വിവിധയിടങ്ങളിലായി ആസ്പത്രികളിലുണ്ട്. 117 പേരുടെ നില ഗുരുതരമായി തുടരുന്നതായും അദ്ദേഹം അറിയിച്ചു.
കോവിഡ് 19 കേസുകള്‍ മേഖലാടിസ്ഥാനത്തില്‍ ഇന്നലെ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ജിദ്ദയിലാണ്. 294 കേസുകളാണ് ജിദ്ദയില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. മറ്റിടങ്ങളിലെ കണക്ക് ഇപ്രകാരം: മക്ക 218, മദീന 202, റിയാദ് 178, ബെയ്ഷ് 126, ജുബൈല്‍ 107, അല്‍ഖോബാര്‍ 50, ഹുഫൂഫ് 37, ദമ്മാം 26, സുല്‍ഫി 11, ഖതീഫ് 7, താഇഫ് 5, അല്‍ബാഹ 5, ബുറൈദ 4, തബൂക്ക് 4, ഹാഇല്‍ 3, മുസാഹ്മിയ 2 , അബഹ 1, ഖമീസ് മുശൈത്ത് 1, യാമ്പു 1, ജിസാന്‍ 1, അല്തുവൈല് 1, ദൂമത് അല്ജന്ദല് 1, അല്‍ഖര്‍ജ് 1, സാജിര്‍ 1, ദിരിയ 1, സകാക 1.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി ഫീല്‍ഡ് ടെസ്റ്റിംഗ് ആരംഭിച്ചതോടെ അനേകം കോവിഡ് കേസുകള്‍ കണ്ടെത്താന്‍ സാധിക്കുന്നുണ്ടെന്ന് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു. രോഗബാധയേറ്റവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമിതാണ്. നൂറ്റമ്പതിലധികം മെഡിക്കല്‍ സംഘങ്ങളാണ് ഫീല്‍ഡ് ടെസ്റ്റിംഗ് നടത്തുന്നത്. കൂടുതല്‍ വിദഗ്ധര്‍ ഉടന്‍ രംഗത്തെത്തും. രാജ്യത്തെ കോവിഡ് മുക്തമാക്കാന്‍ തീവ്ര യത്നത്തിലാണ് സഊദി. 90 ലക്ഷം പേര്‍ക്ക് കോവിഡ് ടെസ്റ്റ് ചെയ്യാനുള്ള കിറ്റുകള്‍ക്കായി ചൈനയുമായി 995 മില്യന്‍ റിയാലിന്റെ കരാര്‍ ഉറപ്പിച്ചിരിക്കുന്നു രാജ്യം. ഇത്രയും വലിയ തുക മുടക്കി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മുന്നോട്ട് വന്ന ആദ്യ രാജ്യമാണ് സഊദി.
സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ നുപ്കോയാണ് ചൈനയുമായി കരാര്‍ ഒപ്പുവെച്ചത്. ഇതിനായി രാജ്യത്ത് ആറു റീജ്യണല്‍ ലബോറട്ടറികള്‍ സ്ഥാപിക്കും. ദിനംപ്രതി 50,000 ടെസ്റ്റുകള്‍ നടത്തും. 10,000 ടെസ്റ്റുകള്‍ ചെയ്യാന്‍ സംവിധാനമുള്ള നിരവധി മൊബൈല്‍ ലാബുകളും രംഗത്തെത്തും. 500 പേരടങ്ങിയ വിദഗ്ധ സംഘം ദൗത്യം ഏറ്റെടുക്കും. മറ്റു രാജ്യങ്ങളുമായി സഹകരിച്ച് ഭാവിയില്‍ പതിനാലര മില്യന്‍ ടെസ്റ്റുകള്‍ക്കുള്ള കിറ്റുകള്‍ വാങ്ങാനും സഊദി ആരോഗ്യ മന്ത്രാലയം പദ്ധതികളാവിഷ്കരിക്കുന്നുണ്ട്. സഊദി ജനസംഖ്യയുടെ 40 ശതമാനം വരെ ജനങ്ങളെ കോവിഡ് ടെസ്റ്റുകള്‍ക്ക് വിധേയമാക്കാവുന്ന കിറ്റുകളാണ് ഇതോടെ രാജ്യത്ത് എത്തുക. ശക്തമായ മുന്‍കരുതല്‍ നടപടികള്‍ ശാസ്ത്രീയമായി രൂപകല്പന നടത്തിയാണ് സഊദി ഭരണകൂടം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് നീങ്ങുന്നത്.