ചികില്‍സയിലായിരുന്ന ചെറുവണ്ണൂര്‍ സ്വദേശി ദുബൈയില്‍ നിര്യാതനായി

സുബൈര്‍

ദുബൈ: ചെറുവണ്ണൂര്‍ ആറ്റിയേടത്ത് സൈനുദ്ദീന്റെ (കുഞ്ഞിക്ക) മകന്‍ സുബൈര്‍ (58) ദുബൈയില്‍ നിര്യാതനായി. രണ്ടു വൃക്കകളും പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് സൗജന്യ ഡയാലിസിസുള്ളതിനാല്‍ 20 വര്‍ഷമായി നാട്ടില്‍ പോകാതെ യുഎഇയില്‍ കഴിഞ്ഞ സുബൈര്‍ ഇന്നലെ രാവിലെ ദുബൈ ഹോസ്പിറ്റലിലാണ് മരിച്ചത്. രണ്ടു മാസമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട്. മുഹയ്‌സ്‌ന മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററില്‍ സൂക്ഷിച്ചിരുന്ന മയ്യിത്ത് എംബാം ചെയ്ത് ഖബറടക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് സാമൂഹിക പ്രവര്‍ത്തകരായ അഷ്‌റഫ് താമരശ്ശേരി, റിയാസ് കൂത്തുപറമ്പ്, നൗഫല്‍ പട്ടാമ്പി, പ്രദീപ് തോപ്പില്‍ , ഷെരീഫ് മലബാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അല്‍ഖൂസ് ഖബര്‍സ്താനില്‍ മയ്യിത്ത് ഖബറടക്കി. മാതാവ്: ഫാത്തിമ. സഹോദരങ്ങള്‍: മഹ്ബൂബ്. റജുല, സാദത്ത്.
ചെറുപ്പ കാലത്ത് തന്നെ ജോലി തേടി യുഎഇയിലെത്തിയ സുബൈര്‍, ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടായതിനെ തുടര്‍ന്ന് 2000ത്തില്‍ നാട്ടിലേക്ക് പോയിരുന്നു. കോയമ്പത്തൂര്‍ ആശുപത്രിയില്‍ നിന്ന് വൃക്ക മാറ്റി വച്ചു. ആരോഗ്യം പൂര്‍വസ്ഥിതിയിലായപ്പോള്‍ യുഎഇയില്‍ തിരിച്ചെത്തിയെങ്കിലും അധികം താമസിയാതെ രണ്ടു വൃക്കകളും തകരാറിലായി. പിന്നീട്, ദുബൈ ഹോസ്പിറ്റലിലെ ശൈഖാ ഹിന്ദ് അല്‍മക്തൂമിന്റെ മനുഷ്യ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സൗജന്യ ചികില്‍സ വഴി ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസ് നടത്തിയാണ് ജീവിച്ചത്. ചികില്‍സയുമായി ബന്ധപ്പെട്ട് അജ്മാനിലാണ് താമസിച്ചിരുന്നത്. വര്‍ഷങ്ങളായി ഡയാലിസിസ് നടത്തുന്നതിനാല്‍ പാരാ തൈറോയ്ഡ് ബാധിക്കുകയും ശസ്ത്രക്രിയയിലൂടെ നാലു തൈറോയ്ഡ് ഗ്രന്ഥികള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടക്ക് സുബൈറിന് അസ്ഥി ദ്രവിക്കുന്ന അസുഖവും വന്നുപെട്ടു. തുടര്‍ന്ന്, വീല്‍ ചെയറിലായിരുന്നു. എന്നാല്‍, അടുത്തിടെ തുടയെല്ല് പൊട്ടി കിടപ്പിലായി. ശസ്ത്രക്രിയക്കും മറ്റുമായി ചെലവായ രണ്ടര ലക്ഷം ദിര്‍ഹം ദുബൈ ഹോസ്പിറ്റല്‍ ഒഴിവാക്കിയിട്ടുണ്ട്.