അവര്‍ കാത്തിരിപ്പാണ്; പ്രതീക്ഷ നല്‍കുന്ന ആ വിളികളെ

65
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗായി കണ്‍ട്രോള്‍ സെല്ലില്‍ സേവനവുമായി കോട്ടക്കല്‍ ആയുര്‍വേദ കോളജ് ബി.എ.എം.എസ് വിദ്യാര്‍ഥികള്‍

”ഉപ്പാ കൊറോണ വിളിക്കുന്നു”

മലപ്പുറം: ”ഉപ്പാ കൊറോണ വിളിക്കുന്നു” കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗായി കണ്‍ട്രോള്‍ സെല്ലില്‍ നിന്നുള്ള വിളി വരുമ്പോള്‍ നിരീക്ഷണത്തിലുള്ള വ്യക്തിക്ക് ഫോണ്‍ നല്‍കുന്നതിനിടെ ചില വീട്ടുകാര്‍ പറയുന്നതിങ്ങനെയാണെന്ന് കോണ്‍ടാക്ട് ട്രേസിങ് സെന്ററിലുള്ളവര്‍ അനുഭവം പങ്കുവെക്കുന്നു.
വിവരങ്ങളന്വേഷിച്ചുള്ള ഈ വിളിക്കായി കാത്തിരിപ്പാണ് വീടുകളില്‍ ഏകാന്തവാസത്തിലുള്ള ഓരോരുത്തരും. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തിലുള്ള കോവിഡ് കോണ്‍ടാക്ട് ട്രേസിങ് സെല്ലില്‍ നിന്നും ഇങ്ങനെ ഏകദേശം 2000 പേരെയാണ് ദിനംപ്രതി വിളിച്ചുകൊണ്ടിരിക്കുന്നത്. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ അന്വേഷിച്ച് പിടിക്കുന്ന ഈ ഫോണ്‍കോളുകളാണ് കോവിഡ് വ്യാപനം പിടിച്ചുകെട്ടാന്‍ ഏറെ സഹായകമായത്. ഇതിന്റെ പിന്നിലാവട്ടെ 70 ഓളം വിദ്യാര്‍ഥികളാണ്.
എം.ഇ.എ എഞ്ചിനീയറിങ് കോളജ്, കോട്ടക്കല്‍ ആയുര്‍വേദ കോളജ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, വിവിധ കോളജുകളില്‍ പഠിക്കുന്ന മെഡിക്കല്‍, നഴ്‌സിങ്, പാരാമെഡിക്കല്‍ വിദ്യാര്‍ഥികളുമാണ് ദിവസങ്ങളായി ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുന്നത്. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍, രോഗം സ്ഥിരീകരിച്ചവര്‍ക്കൊപ്പം വിമാന യാത്ര നടത്തിയവര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നും യാത്ര കഴിഞ്ഞെത്തിവര്‍ എന്നിവര്‍ ആരോഗ്യവകുപ്പ് നിര്‍ദേശാനുസരണം വീടുകളില്‍ ഏകാന്ത വാസത്തില്‍ കഴിയുകയാണ്. ഇവര്‍ക്ക് എന്തെങ്കിലും രോഗ ലക്ഷണങ്ങളുണ്ടോ, മരുന്നും ഭക്ഷണവും ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉണ്ടോ എന്നിവടയക്കം അന്വേഷിച്ചും എന്തെങ്കിലും സഹായം ലഭ്യമാക്കേണ്ടതുണ്ടെങ്കില്‍ ഡോക്ടര്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള അധികൃതരുടെ ശ്രദ്ധയിലെത്തിക്കലുമാണ് ഇവരുടെ ദൗത്യം. ലിസ്റ്റിലുള്ള അതിഥി തൊഴിലാളികളോട് അവരുടെ ഭാഷയില്‍ വിവരങ്ങള്‍ ചോദിക്കുന്നതിനും വിദ്യാര്‍ഥികളുണ്ട്.
പഠനത്തിനിടക്ക് നല്ല അനുഭവങ്ങള്‍ സമ്മാനിച്ച ദിവസങ്ങളാണിതെന്നും ചരിത്രദൗത്യത്തിന്റെ ഭാഗമാകാന്‍ സാധിച്ചത് സന്തോഷം പകരുന്നുവെന്നും പെരിന്തല്‍മണ്ണ എം.ഇ.എ എഞ്ചിനീയറിങ് കോളജ് എന്‍.എസ്.എസ് വളണ്ടിയര്‍ സെക്രട്ടറി മുഹമ്മദ് ഷഫാഫ് കെ.എം അനുഭവം പങ്കുവെക്കുന്നു. ഈ കോളജില്‍ നിന്ന് 15 ഓളം വിദ്യാര്‍ഥികളാണ് ഇപ്പോള്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ച് വരെ സേവനം ചെയ്യുന്നത്.
കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുണ്ടായിരുന്നപ്പോള്‍ 40 ഓളം വിദ്യാര്‍ഥികള്‍ ഈ കോളജില്‍ നിന്ന് സേവനത്തിനായി എത്തിയിരുന്നു. 27 മെഡിക്കല്‍, പാരാമെഡിക്കല്‍, നഴ്‌സിങ് വിദ്യാര്‍ഥികളും കോട്ടക്കല്‍ ആയുര്‍വേദ കോളജില്‍ നിന്ന് 15 ഓളം പേരുമാണ് ഇപ്പോള്‍ കോണ്‍ടാക്‌സ് ട്രേസിങ് സെന്ററില്‍ സേവനം ചെയ്യുന്നത്. ഇവര്‍ക്ക് കലക്ടര്‍ ഇടപെട്ട് വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.