നാട്ടിലുള്ളവരുടെ വിസാ കാലാവധി മൂന്നുമാസത്തേക്ക് നീട്ടി; പിഴ ഉണ്ടാവില്ല

    അബുദാബി: യുഎഇയില്‍ നിന്നും അവധിക്ക് നാട്ടില്‍ പോയവരുടെ വിസാ കാലാവധി മൂന്നുമാസത്തേക്ക് നീട്ടിക്കൊണ്ട് അധികൃതര്‍ ഉത്തരവിട്ടു. ഇതോടെ വിസയുടെ കാലാവധി കഴിയുന്നവര്‍ക്ക് മൂന്നുമാസം വരെ നാട്ടില്‍ കഴിയുന്നതിന് അനുമതിയുണ്ടാകും. മാത്രമല്ല തിരിച്ചെത്തിയാല്‍ പിഴ കൂടാതെത്തന്നെ വിസ പുതുക്കാനും കഴിയും. ദുബൈ റസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമദ് അല്‍മറിയാണ് ടെലിവിഷന്‍ ചാനലിനനുവദിച്ച അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് നാട്ടില്‍നിന്നും തിരിച്ചുപോരാന്‍ കഴിയാതെ കുടുങ്ങിയ പലരുടെയും വിസയുടെ കാലാവധി ഇതിനകം അവസാനിക്കുകയോ അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ കാലാവധി തീരുകയോ ചെയ്യുന്നവരാണ്. അത്തരക്കാര്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമാണിത്.
    ഇക്കാര്യത്തില്‍ യുഎഇ കാബിനറ്റ് തീരുമാനമുണ്ടെന്ന് പറഞ്ഞ അദ്ദേഹം നിലവില്‍ യുഎഇയില്‍ സന്ദര്‍ശക-വിനോദ സഞ്ചാര വിസയിലെത്തി നാട്ടില്‍ പോകാന്‍ കഴിയാതെ നില്‍ക്കുന്നവര്‍ക്കും പിഴ കൂടാതെ യാത്ര ചെയ്യാനാവുമെന്ന് പറഞ്ഞു.