യുഎഇയില്‍ 1511 തടവുകാരെ ശൈഖ് ഖലീഫ മോചിപ്പിച്ചു

16
യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍

ദുബൈ: യുഎഇയില്‍ വിവിധ ശിക്ഷ അനുഭവിക്കുന്ന 1,511 തടവുകാരെ റമദാന്‍ ദിനത്തില്‍ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. രാജ്യത്തുടനീളം വിവിധ ശിക്ഷാനടപടികള്‍ക്ക് വിധേയമായി തടവില്‍ കഴിയുന്ന വിവിധ ദേശീയതകളില്‍ പെട്ടവരെയാണ് മോചിപ്പിക്കുന്നത്. മോചിതരായ തടവുകാരുടെ സാമ്പത്തിക ബാധ്യതകളും നോമ്പിന്റെ മാസത്തിന് മുമ്പായി പരിഹരിക്കപ്പെടും. തടവുകാര്‍ക്ക് ഒരു പുതിയ ജീവിതം ആരംഭിക്കാനും അവരെ മുഖ്യധാരാ സമൂഹത്തിലേക്ക് എത്തിക്കാനും മഹത്വവല്‍ക്കരിക്കപ്പെട്ട റമദാന്‍ മാസത്തില്‍ അവരുടെ കുടുംബങ്ങളുമായി വീണ്ടും ചേരാനും ശൈഖ് ഖലീഫയുടെ മാനുഷിക സംരംഭങ്ങളുടെ ഭാഗമാണ് ഈ സംരംഭം. എല്ലാ എമിറേറ്റുകളിലെയും ഭരണാധികാരികള്‍ റമദാന്റെ ഭാഗമായി തടവുകാര്‍ക്ക് മാപ്പ് നല്‍കി മോചിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുബൈയില്‍ 874 പേര്‍ക്കാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം മോചനം നല്‍കിയിട്ടുള്ളത്. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി 369 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ ഷഖര്‍ അല്‍ഖാസിമി 584 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. എമിറേറ്റിലെ ശിക്ഷാനടപടികളിലും പരിഷ്‌കരണ സ്ഥാപനങ്ങളിലും ശിക്ഷ അനുഭവിക്കുമ്പോള്‍ നല്ല പെരുമാറ്റം പ്രകടിപ്പിച്ച വിവിധ ദേശീയതകളിലെ 124 തടവുകാരെ മോചിപ്പിക്കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഈമി ഉത്തരവിട്ടു. യുഎഇ സൂപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ശര്‍ഖി 72 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ റാഷിദ് അല്‍മുഅല്ല നിരവധി തടവുകാര്‍ക്ക് മോചനം നല്‍കി.