യുഎഇയില്‍ വാറ്റ് സമര്‍പിക്കാനുള്ള കാലയളവ് മെയ് 28 വരെ നീട്ടി

ദുബൈ: കോവിഡ് -19 ന്റെ വ്യാപനം തടയാന്‍ യുഎഇ സ്വീകരിച്ച അഭൂതപൂര്‍വമായ മുന്‍കരുതല്‍ നടപടികളുടെ വെളിച്ചത്തില്‍, ഫെഡറല്‍ ടാക്‌സ് അതോറിറ്റി വാറ്റിന് നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും നികുതി കാലയളവ് ദീര്‍ഘിപ്പിച്ചു. മാര്‍ച്ച് 31 ന് പകരം ബദല്‍ സമയപരിധി മെയ് 28 ലേക്ക് നീട്ടി. യുഎഇയിലെ ചില പ്രദേശങ്ങളില്‍ നടപ്പാക്കിയ വ്യക്തികളുടെയും വാഹനങ്ങളുടെയും സഞ്ചാരത്തിന് നിലവിലുള്ള 24 മണിക്കൂര്‍ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിലാണിത്. അതിനാല്‍ എഫ്ടിഎ ‘അസാധാരണമായ അടിസ്ഥാനത്തില്‍’ നിര്‍ദ്ദേശം നല്‍കി.
പുതിയ നിര്‍ദ്ദേശമനുസരിച്ച് പ്രതിമാസ നികുതി കാലയളവുള്ള വാറ്റ് രജിസ്ട്രാര്‍മാര്‍ റിട്ടേണ്‍ സമര്‍പ്പിക്കുകയും നികുതി കാലയളവിനുള്ള അടയ്‌ക്കേണ്ട നികുതി 2020 മാര്‍ച്ച് 1 മുതല്‍ 31 വരെ തീര്‍പ്പാക്കുകയും വേണമെന്നാണ്. ത്രൈമാസ നികുതി കാലയളവുള്ള വാറ്റ് രജിസ്ട്രാര്‍മാര്‍ റിട്ടേണുകള്‍ സമര്‍പ്പിക്കുകയും നികുതി കാലയളവിനുള്ള അടയ്‌ക്കേണ്ട നികുതി 2020 ജനുവരി 1 മുതല്‍ 2020 മാര്‍ച്ച് 31 വരെ മെയ് 28 നകം തീര്‍പ്പാക്കുകയും വേണം. വാറ്റ് റിട്ടേണുകളില്‍ അവര്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഡാറ്റ കൃത്യമാണെന്ന് ഉറപ്പുവരുത്താനും എഫ്ടിഎ 2020 മാര്‍ച്ച് 31 ന് അവസാനിക്കുന്ന നികുതി കാലയളവില്‍ മെയ് 28 നകം അടയ്ക്കേണ്ട നികുതി സ്വീകരിക്കണമെന്നും വാറ്റ് രജിസ്ട്രാര്‍മാരോട് അഭ്യര്‍ത്ഥിച്ചു.
സമയപരിധിക്കുള്ള ഈ നിര്‍ദ്ദേശം 2020 മാര്‍ച്ച് 31 ന് അവസാനിച്ച നികുതി കാലയളവിലെ വാറ്റ് റിട്ടേണുകളുമായി മാത്രം ബന്ധപ്പെട്ടതാണ്. മാത്രമല്ല നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും അടയ്‌ക്കേണ്ട നികുതികള്‍ തീര്‍പ്പാക്കുന്നതിനുമുള്ള സമയപരിധി 2020 ഏപ്രിലില്‍ വരാത്ത മറ്റ് നികുതി കാലയളവിനെ ഇത് ബാധിക്കില്ല. രജിസ്‌ട്രേഷന്‍, ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കല്‍, 24 മണിക്കൂറിനുള്ളില്‍ എവിടെ നിന്നും യഥാസമയം നികുതി അടയ്ക്കല്‍ എന്നിവ സുഗമമാക്കുന്ന ഒരു സമ്പൂര്‍ണ്ണ ഓട്ടോമേറ്റഡ് ഇലക്ട്രോണിക് സംവിധാനത്തെ ആശ്രയിച്ച് തങ്ങളുടെ എല്ലാ സേവനങ്ങളും വിദൂരമായി നല്‍കുന്നുവെന്ന് എഫ്ടിഎ അറിയിച്ചു.