കോവിഡ് 19: മികച്ച പ്രവര്‍ത്തനങ്ങളുമായി യുഎക്യു ഇന്ത്യന്‍ അസോ

സജാദ് സഹീര്‍

ഉമ്മുല്‍ഖുവൈന്‍: കോവിഡ് 19മായി ബന്ധപ്പെട്ട് ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റി നേതൃത്വത്തില്‍ വളരെ നേരത്തെ തന്നെ ഹെല്‍പ് ഡെസ്‌ക് രൂപീകരിക്കുകയും യുഎഇ ആരോഗ്യ വകുപ്പും കമ്യൂണിറ്റി പൊലീസുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എമിറേറ്റിലെ രോഗികള്‍ക്കും ക്വാറന്റീനില്‍ ഇരിക്കുന്നവര്‍ക്കും വിപുല സൗകര്യങ്ങള്‍ തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അസോസിയേഷന്‍ അവരുമായി ചേര്‍ന്ന് ഒരു കേരള മോഡല്‍ പദ്ധതിയാണ് ഇവിടെ ആസൂത്രണം ചെയ്തിരിക്കുന്നത്. കോവിഡ് 19 പോസിറ്റീവ് ആയവരെയും അവരുടെ കൂടെ താമസിക്കുന്നവരെയും ജോലി ചെയ്യുന്നവരെയും അവരുമായി ബന്ധപ്പെടുന്നവരെയും കണ്ടെത്തി ആരോഗ്യ വകുപ്പില്‍ വിവരമറിയിക്കാനും അവരെ ഐസൊലേറ്റ് ചെയ്യാനും ക്വാറന്റീന്‍ നടത്താനുമുള്ള സഹകരണം ചെയ്തു വരുന്നു. ഇതുകൊണ്ടെല്ലാമായി ഉമ്മുല്‍ഖുവൈന്‍ എമിറേറ്റില്‍ കോവിഡ് വ്യാപനം തടയാന്‍ കാര്യമായി തന്നെ കഴിഞ്ഞിട്ടുണ്ട്. ക്വാറന്റീന്‍ പോലുള്ള കാര്യങ്ങള്‍ക്ക് സ്ഥല പരിമിതികളുണ്ടാവുകയാണെങ്കില്‍ അസോസിയേഷന്റെ ഓഡിറ്റോറിയം അടക്കമുള്ള എല്ലാ കെട്ടിട സമുച്ചയങ്ങളും സകല സൗകര്യങ്ങളോടെയും വിട്ടു നല്‍കാമെന്ന വാഗ്ദാനവും അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്. ജോലി ഇല്ലാതെയും ശമ്പളം ലഭിക്കാതെയും ലേബര്‍ ക്യാമ്പുകളിലും റൂമുകളിലും കഴിയുന്നവര്‍ക്ക് ഭക്ഷണത്തിനുള്ള സാധനങ്ങളും മരുന്നും മറ്റു സഹായങ്ങളും നിലവില്‍ അസോസിയേഷന്‍ ചെയ്തു കൊടുക്കുന്നു. ഉമ്മുല്‍ഖുവൈന് പുറത്തുള്ള പല രോഗികള്‍ക്കും ആവശ്യപ്പെട്ട പല സംഘടനകള്‍ക്കും ഇതിനകം മരുന്നുകള്‍ നല്‍കിക്കഴിഞ്ഞു. ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യാന്‍ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്, സ്വദേശികള്‍, അഷ്‌റഫ് താമരശ്ശേരിയെ പോലെയുള്ള സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായവും ലഭിക്കുന്നുണ്ട്.
അതിനിടെ, പ്രവാസികളെ തിരിച്ചു കൊണ്ടു പോകുന്ന കാര്യത്തില്‍ ഇനിയും കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന അലംഭാവം മാറ്റിവെക്കണമെന്ന് ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് സജാദ് സഹീര്‍ ആവശ്യപ്പെട്ടു. കേരള സര്‍ക്കാര്‍ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദം ചെലുത്തി പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള അടിയന്തിര നടപടികളുമായി മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഹെല്‍പ് ഡെസ്‌ക് നമ്പറുകള്‍:
050 5761505 (സജാദ് സഹീര്‍), 052 9134561(മുഹമ്മദ് മൊയ്ദീന്‍), 052 9144112 (ഷനോജ് നമ്പ്യാര്‍), 050 3080609 (റാഷിദ് പൊന്നാണ്ടി), 050 5761195 (വിദ്യാധരന്‍), 050 4973893 (മൊയ്ദീന്‍ പി.കെ).