ഉനൈസ കെഎംസിസി സഹായം: ചികിത്സ നിഷേധിക്കപ്പെട്ട പ്രവാസിക്ക് ഇ.ടിയുടെ ഇടപെടല്‍ തുണയായി

66

അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: അര്‍ബുദം ബാധിച്ച് ദുരിതത്തിലായ ആലപ്പുഴ സ്വദേശിക്ക് ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയുടെയും സഊദിയിലെ ഉനൈസ കെഎംസിസിയുടെയും കൈത്താങ്ങ്. ആറാട്ടുപുഴ വലിയഴീക്കല്‍ അറ്റത്ത് വീട്ടില്‍ അനില്‍ കുമാറിനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ഇ.ടി ഇടപെട്ടത്. തിരുവനന്തപുരം ആര്‍സിസിയിലെ സീനിയര്‍ ഡോക്ടര്‍ ശങ്കരനാരായണന്റെ നേതൃത്വത്തില്‍ വിദഗ്ധ പരിശോധനയും ചികിത്സയും ലഭ്യമാവുകയായിരുന്നു.
ഉനൈസയില്‍ ടയര്‍ പഞ്ചര്‍ കടയിലെ ജീവനക്കാരനായ അനിലിന് അസഹ്യമായ പല്ലു വേദനയും കവിളില്‍ മുഴയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മികച്ച ചികിത്സ ലഭ്യമാക്കാന്‍ ഉനൈസയിലെയും റിയാദിലെയും ആസ്പത്രികളില്‍ ഉനൈസ കെഎംസിസി മുഖേന ശ്രമം നടത്തിയിരുന്നു. എന്നാല്‍, ആരോഗ്യ സ്ഥിതി കൂടുതല്‍ മോശമാകുന്ന സാഹചര്യത്തില്‍ നാട്ടിലെത്തിക്കുന്നതാണ് നല്ലതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന്, വിദഗ്ധ ചികിത്സ ലഭിക്കാന്‍ കെഎംസിസി തന്നെ മുന്‍കയ്യെടുത്ത് ടിക്കറ്റ് നല്‍കി അനിലിനെ കഴിഞ്ഞ മാസം 15ന് നാട്ടിലേക്ക് അയക്കുകയായിരുന്നു. കോവിഡ് 19ന്റെ സമയമായതിനാല്‍ നാട്ടിലെത്തിയ അനിലിന് ആ കാരണം പറഞ്ഞ് ചികിത്സ നിഷേധിച്ചു. വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിയ അനിലിനെ സഊദിയില്‍ നിന്നെത്തിയ കാരണം പറഞ്ഞ് പരിശോധിക്കാനോ, ചികിത്സ നടത്താനോ ഡോക്ടര്‍മാര്‍ തയാറായില്ലത്രെ.
ക്വാറന്റീന്‍ സമയമായതിനാല്‍ ചികിത്സിക്കാന്‍ കഴിയില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ വാദം. രോഗം മൂര്‍ഛിച്ചതോടെ വീണ്ടും മെഡിക്കല്‍ കോളജിലെത്തിയെങ്കിലും കാറില്‍ നിന്ന് ഇറങ്ങാന്‍ പോലും സമ്മതിക്കാതെ തിരിച്ചയക്കുകയാണ് ചെയ്തതെന്ന് സഹോദരന്‍ വിനോദ് പറഞ്ഞു. രോഗം മൂര്‍ഛിക്കുന്ന ഘട്ടത്തില്‍ ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ ഇ.ടിയുമായി ബന്ധപ്പെട്ട് അനിലിന് എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഇ.ടിയുടെ ശ്രമ ഫലമായി വണ്ടാനം മെഡിക്കല്‍ കോളജില്‍ തന്നെ പ്രവേശിപ്പിക്കുകയും വിദഗ്ധ ചികിസക്ക് വിധേയാനാക്കുകയും ചെയ്തു. ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളായ മൂസ ടി.പി, സയ്യിദ് സുഹൈല്‍, അഷ്‌റഫ് മേപ്പാടി, ഖാജാ ഹുസൈന്‍, ജംഷീര്‍ മങ്കട, ഷമീര്‍ ഫറോക്ക്, സുല്‍ഫി, അന്‍ഷാദ് അമ്മിനിക്കാട്, അബ്ദുറഹ്മാന്‍, നൂര്‍ മുഹമ്മദ്, സനയ്യ യൂണിറ്റ് ഭാരവാഹികളായ സി.എസ് ഖാജാ ഹുസൈന്‍, നൂര്‍ മുഹമ്മദ് എന്നിവരാണ് അനിലിന് വിവിധ ഘട്ടങ്ങളില്‍ സഹായവുമായി രംഗത്തുണ്ടായിരുന്നത്.