ഓഹരിയുടമകള്‍ക്ക് 24% ഡിവിഡന്റ് വിതരണം ചെയ്ത് യൂണിയന്‍ കോഓപ്

20
യൂണിയന്‍ കോഓപ് 38-ാം ജനറല്‍ അസംബ്‌ളി യോഗത്തില്‍ ചെയര്‍മാന്‍ മാജിദ് ഹമദ് റഹ്മ അല്‍ശംസി സംസാരിക്കുന്നു

ദുബൈ: യുഎഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സ്ഥാപനമായ യൂണിയന്‍ കോഓപ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഓഹരിയുടമകള്‍ക്ക് 24 ശതമാനം ഡിവിഡന്റ് വിതരണം ചെയ്തു. ഷെയര്‍ ഹോള്‍ഡര്‍ പര്‍ചേസുകള്‍ക്കുള്ള ആറു ശതമാനം റിട്ടേണിന് പുറമെയാണിത്. യൂണിയന്‍ കോഓപ്പിന്റെ 38-ാം ജനറല്‍ അസംബ്‌ളി യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ആദ്യമായി ഇത്തവണ ഓണ്‍ലൈന്‍ സംവിധാനങ്ങളുപയോഗിച്ചായിരുന്നു യോഗത്തിലെ പങ്കാളിത്തവും വോട്ടെടുപ്പും. 479.02 മില്യന്‍ ദിര്‍ഹമിന്റെ ലാഭവിഹിതമാണ് ഓഹരയുടമകള്‍ക്ക് വിതരണം ചെയ്തതെന്ന് യൂണിയന്‍ കോഓപ് ചെയര്‍മാന്‍ മാജിദ് ഹമദ് റഹ്മ അല്‍ശംസി പറഞ്ഞു. ആകെ ലാഭത്തിന്റെ 93.4 ശതമാനമാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ 512.88 മില്യന്‍ ദിര്‍ഹമിന്റെ ലാഭമാണ് യൂണിയന്‍ കോഓപ് നേടിയത്. മുന്‍ വര്‍ഷത്തെക്കാള്‍ 10 ശതമാനം അധികമാണിത്. സാമ്പത്തിക വെല്ലുവിളികളും വിപണിയില്‍ കമ്പനികള്‍ തമ്മിലുള്ള മത്സരവും അതിജീവിച്ചും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനത്തോളമുള്ള വിലക്കുറവും തമയ്യസ് കാര്‍ഡ് ഓഫറുകള്‍ വഴിയുള്ള ആറു ശതമാനം കിഴിവും കഴിഞ്ഞിട്ടാണ് ഈ ലാഭത്തിലേക്ക് യൂണിയന്‍ കോഓപ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആകെ വരുമാനം 2.349 ബില്യനാണ്.
ആകെ ചെലവ് 2.4 ശതമാനം കുറഞ്ഞു. 35,112 ഓഹരിയുടമകളാണ് ഇപ്പോള്‍ യൂണിയന്‍ കോഓപ്പിനുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 4.7 ശതമാനത്തിന്റെ വര്‍ധനയുണ്ടായെന്നും അല്‍ശംസി പറഞ്ഞു. നിലവില്‍ 423 സ്വദേശി ജീവനക്കാരാണ് യൂണിയന്‍ കോഓപ്പിലുള്ളത്. മുന്‍ വര്‍ഷത്തെക്കാള്‍ സ്വദേശിവത്കരണത്തില്‍ 31 ശതമാനത്തിന്റെ വര്‍ധനയുണ്ടായി.