ദുബൈ: പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ അജ്ഞാത സ്നേഹിതന് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. മുഖം കാട്ടാതെ ലോകത്ത് എവിടെയും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഈ വ്യക്തിത്വത്തിന്റെ നന്മകളുടെ നേര്‍ക്കാഴ്ചകള്‍ ഈ റമദാനില്‍ അബുദാബി ടിവിയും സാമൂഹിക മാധ്യമങ്ങളും സംപ്രേഷണം ചെയ്യും. ‘ഖല്‍ബീ ഇത്ത് മഅന്‍’ എന്ന് പേരിട്ട സോഷ്യല്‍ എക്സിപെരിമെന്റ് പ്രോഗാമിലൂടെയാണ് വേദനിക്കുന്നവരുടെ അരികിലെത്തി ഈ മനുഷ്യന് കാരുണ്യത്തിന്റെ കരങ്ങള്‍ നീട്ടുന്നത്.
കൊറോണ വൈറസിന്റെ വ്യാപനത്തിനിടയിലാണ് പാവപ്പട്ടവരെ ചേര്‍ത്തു പിടിക്കാനുള്ള ഈ ഉദ്യമത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത്. ‘ഖല്‍ബീ ഇത്ത് മഅന്‍’ മൂന്നാം സീസണാണ് അബുദാബി ടിവി സംപ്രേഷണം ചെയ്യുന്നത്. ഈ ജീവകാരുണ്യ പ്രവര്‍ത്തകന്റെ സേവന യാത്രയുടെ ട്വീറ്റ് ഇപ്പോള്‍ തന്നെ സ്വദേശികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചാവിഷയമാണ്. ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളില്‍ മുഖം കാട്ടാതെ പുറംതിരിഞ്ഞു നിന്ന് അജ്ഞാതന്‍ ഇങ്ങനെ പറയുന്നു, ”ദൈവത്തിന് നന്ദി. ‘ഖല്ബീഇത്ത് മഅന്‍’ പര്യാടനം പൂര്‍ത്തിയാക്കിയിരിക്കുന്നു”.
ഈ തലക്കെട്ടിന് താഴെ നിരവധി പേരുടെ പ്രശംസകളാണ് പങ്കു വെച്ചിരിക്കുന്നത്. രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് സഞ്ചാരിച്ച് വേദനിക്കുന്നവന്റെ അരികില്‍ ഈ അജ്ഞാത യുവാവ് എത്തുന്നു. സങ്കടങ്ങള്‍ കേള്‍ക്കുന്നു. തത്സമയം അവര്‍ക്ക് വേണ്ടത് നല്കി അവരുടെ സന്താപങ്ങള്‍ തീര്‍ത്ത് അദ്ദേഹം തിരിച്ചു നടക്കുന്നു. ദുരിതങ്ങള്‍ പേറുന്നവരുടെ അരികിലെത്തുന്ന അജ്ഞാതന്‍ പക്ഷേ, ഒരിക്കലും പ്രേക്ഷകര്‍ക്ക് മുഖം നല്‍കാറില്ല. വസ്ത്രത്തില്‍ പതിപ്പിച്ച യുഎഇയുടെ ദേശീയ പതാകയാണ് ഈ ജീവകാരുണ്യ പ്രവര്‍ത്തകന്റെ തിരിച്ചറിയല്‍ അടയാളം. യുഎഇ ദാനവര്‍ഷം പ്രഖ്യാപിച്ച 2018ലാണ് സോഷ്യല്‍ മീഡിയയില്‍ ‘ആശ്വാസമേകുന്ന എന്റെ ഹൃദയം’ എന്നര്‍ത്ഥം വരുന്ന ‘ഖല്ബീഇത്ത് മഅന്‍’ എന്ന പരിപാടിക്ക് തുടക്കമിട്ടത്. വേഷം മാറി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇദ്ദേഹത്തിന്റെ നന്മ അറബ് പ്രേക്ഷക ലോകം ഏറെ ശ്രദ്ധേയോടെയാണ് വീക്ഷിച്ചു പോരുന്നത്. പേരിനും പ്രശസ്തിക്കും വേണ്ടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇക്കാലത്ത് ഈ മനുഷ്യ സ്നേഹിയുടെ പ്രവര്‍ത്തനം ഏറെ മാതൃകയാണ്. വലത് കൈ കൊണ്ട് സഹായിക്കുന്നത് ഇടത് കൈ അറിയാന്‍ പാടില്ലെന്ന ഇസ്ലാമിക മാനം എങ്ങനെയാണ് സമൂഹത്തില്‍ പ്രാവര്ത്തിക്കുകമാക്കുകയെന്ന വലിയ സന്ദേശമാണ് ഈ പ്രോഗ്രാമിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.ആരുടെയെങ്കിലും പ്രശംസയോ അംഗീകാരമോ ആഗ്രഹിക്കാതെ പാവപ്പെട്ടവരുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഓടി നടക്കുന്ന ഇദ്ദേഹത്തിന്റെ സേവനത്തെ കുറിച്ച് അഭിമാനത്തേടെയാണ് ഇമാറാത്തികള്‍ സംസാരിക്കുന്നത്. ജീവകാരുണ്യ രംഗത്ത് എക്കാലത്തും ലോകത്തിന് മാതൃകയായ യുഎഇയുടെ സേവന സന്നദ്ധ കൂടുതല്‍ അടയാളപ്പെടുത്തുന്ന രീതിയിലാണ് ‘ഖല്‍ബീ ഇത്ത് മഅനി’ലെ ഓരോ നിമിഷങ്ങളും. സങ്കടങ്ങളുടെ ലോകത്ത് സന്തോഷത്തിന്റെ കൈത്തിരിവെട്ടം കൊളുത്തി വെക്കുന്ന കാഴ്ച പരിഭാഷയായി ഇംഗ്ളീഷ് ഭാഷയിലും പരിചയപ്പെടുത്തുന്നുണ്ട്. ദുരിത മുഖങ്ങള്‍ക്ക് വെളിച്ചമേകാന്‍ ഈ മനുഷ്യ സ്നേഹി നടത്തുന്ന നിര്‍ലോഭ പ്രവര്‍ത്തനത്തില്‍ വിസ്മയം പൂണ്ട് അറബ് ലോകം ഒന്നടങ്കം ചോദിക്കുന്നു -അജ്ഞാതമായ സ്നേഹമേ, ആരാണ് താങ്കള്‍?
-അസീസ് മണമ്മല്‍