സഊദിയില്‍ 551 പേര്‍ക്ക് രോഗം ഭേദമായി; നാലു മരണം; 60 പേര്‍ക്ക് കൂടി ഇന്ന് രോഗബാധ

അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: കോവിഡ് 19 വൈറസ് ബാധയേറ്റ നാല് പേര്‍ കൂടി മരിച്ചതോടെ സഊദിയില്‍ മരിച്ചവരുടെ എണ്ണം 38 ആയി. 60 പേര്‍ക്ക് കൂടി ഇന്ന് രോഗബാധ കണ്ടെത്തിയതോടെ രാജ്യത്ത് ഇതുവരെ 2,523 പേര്‍ക്ക് കോവിഡ് 19 സ്ഥിതീകരിച്ചു. 68 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ഇതു വരെ 551 പേര്‍ക്ക് രോഗശമനമുണ്ടായെന്നും സഊദി ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് അല്‍ അബ്ദുല്‍ അലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്നലെ രാത്രിയോടെ 61കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദിനംപ്രതിയുള്ള കേസുകളില്‍ കാര്യമായ കുറവ് വരുന്നത് സഊദി സ്വീകരിച്ച കര്‍ശന മുന്‍കരുതല്‍ നടപടികളുടെ പ്രതിഫലനമാണ്. സഊദി ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും സംയുക്തമായി കൈക്കൊള്ളുന്ന നടപടികളുമായി സ്വദേശികളും വിദേശികളും കൃത്യമായി സഹകരിക്കുന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. രണ്ടാഴ്ചയായി തുടരുന്ന കര്‍ഫ്യൂ രോഗബാധ കൂടുതല്‍ റിപ്പോര്‍ട് ചെയ്ത ഏരിയയില്‍ വ്യത്വസ്ത ഭാഗങ്ങളില്‍ പൂര്‍ണമായും ഭാഗികമായും നിലവിലുണ്ട്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ സമീപത്തെ സ്വകാര്യ-സര്‍ക്കാര്‍ ആസ്പത്രികളെ സമീപിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശികള്‍ക്കും രേഖകളില്ലാതെ രാജ്യത്ത് കഴിയുന്നവര്‍ക്കും ആസ്പത്രികളില്‍ പോകാമെന്നും ഇഖാമ കാണിക്കേണ്ട ആവശ്യമില്ലെന്നും ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ചികിത്സയും സൗജന്യമായി നടത്തുമെന്നും മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. മുന്‍കരുതലിന്റെ ഭാഗമായി ജനങ്ങള്‍ ഉപയോഗിക്കുന്ന മാസ്‌കുകളും ഗ്‌ളൗസുകളും അലക്ഷ്യമായി വലിച്ചെറിയരുതെന്നും അടപ്പുള്ള വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കണമെന്നും ആരോഗ്യ മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.