അല്‍ഐന്‍: ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ട് നിര്യാതനായ സന്തോഷ് ട്രോഫി താരം ഉസ്മാന് കോയയുടെ വേര്‍പാട് അല്‍ ഐനിലും ദുഃഖം പരത്തി. അക്ഷരാര്‍ത്ഥത്തില്‍ അല്‍ ഐന്‍ മലയാളികളുടെ കളിയാവേശത്തിന്റെ പ്രതിരൂപമായിരുന്നു ഉസ്മാന് കോയ.
1973ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടുമ്പോള്‍ ക്യാപ്റ്റന്‍ മണിയുടെ ‘സ്ക്വാഡി’ല്‍ പ്രതിരോധത്തിന്റെ ഉരുക്കു ഭിത്തി തീര്‍ത്ത പോരാളിയെ അദ്ദേഹത്തിന്റെ തട്ടകമായ അല്‍ ഐനിലെ കളിക്കമ്പക്കാര്‍ ആദരവോടെയും ആരാധനയോടെയുമാണ് എന്നും നോക്കിക്കണ്ടത്. ഡെംപോ ഗോവയടക്കം ഇന്ത്യയിലെ പ്രമുഖ ക്ളബ്ബുകളുടെ ജഴ്സിയണിഞ്ഞ ഈ കോഴിക്കോട്ടുകാരന് ഇന്ത്യയിലെ കളി പ്രേമികള്‍ക്ക് ‘ഡെംപോ ഉസ്മാന്’ ആയിരുന്നുവെങ്കില്‍ അല്‍ ഐനിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് അവരുടെ പ്രിയപ്പെട്ട ‘ഉസ്മാനിക്ക’ ആയിരുന്നു. എല്ലാവരോടും അത്ര മേല്‍ സൗഹൃദവും അടുപ്പവും കാത്തു വെച്ചു, ഈ വലിയ കളിക്കാരന്.
മധ്യത്തിലൂടെയും പാര്‍ശ്വങ്ങളിലൂടെയും പാഞ്ഞു വരുന്ന എതിരാളിയെ ബോക്സിന് പുറത്ത് ‘വെട്ടി’ വീഴ്ത്തുന്ന പല ഡിഫന്റര്‍മാരുടെയും പതിവ് രീതി പരിചയമില്ലാത്ത ഉസ്മാന്‍കോയ, കുമ്മായ വരക്കകത്ത് മാത്രമല്ല, പുറത്തും തികഞ്ഞ മാന്യനായിരുന്നത് കൊണ്ടാണ് അദ്ദേഹത്തിന്റെ സുഹൃദ് വലയത്തിന് പ്രവാസ ഭൂമിയിലും വീതിയും വിസ്താരവും കൂടിയത്.
അല്‍ ഐനിലെ കളി മൈതാനങ്ങളില്‍ സംഘാടക ഭേദം നോക്കാതെ പതിവ് സാനിധ്യമായിരുന്നു ഉസ്മാന്ക്ക. കളി പറയുന്ന നിരീക്ഷകനായി, കളി പഠിപ്പിക്കുന്ന പരിശീലകനായി, നിയന്ത്രിക്കുന്ന റഫറിയായി, മികച്ച കളിക്കാരെ തെരഞ്ഞെടുക്കുന്ന ജൂറിയായി അങ്ങനെയങ്ങനെ… ജി സെവന് ഉള്‍പ്പടെ അല്‍ ഐനിലെ എല്ലാ കായിക കൂട്ടായ്മകള്‍ക്കും
കെഎംസിസി, ഗ്രീന്‍ സ്റ്റാര്‍ ടീമുകള്‍ക്കും ഈ മുന്‍ കേരള താരത്തിന്റെ പിന്തുണയും പരിശീലനവും കിട്ടിയിരുന്നതായി ടീം പ്രതിനിധി ഹുസൈന് കരിങ്കപ്പാറ ഓര്‍ക്കുന്നു.
അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ അംഗം കൂടിയായിരുന്ന അദ്ദേഹം ഐഎസ്സിയുടെ കായിക മേളകളുടെ പതിവ് നടത്തിപ്പുകാരനായിരുന്നു. ഇന്ത്യന്‍ സ്കൂള്‍ കായികാധ്യാപകനായ അബ്ദുല്ല കോയ സഹായിയും. അല്‍ ഐന്‍ ടൗണ്‍ പ്ളാനിംഗ് ഡിപാര്‍ട്മെന്റ് ജീവനക്കാരനായിരുന്ന ഉസ്മാന് കോയ അല്‍ ഐനിലെ പൊതുരംഗത്തെ അതികായനായിരുന്നു. കാല്പന്തിന്റെ പെരുങ്കളിയാട്ടങ്ങള്‍ കണ്ട ’60കളുടെ അന്ത്യത്തിലും ’70കളുടെ ആദ്യ-മധ്യാന്തത്തിലും ഗ്യാലറികളുടെ ആവേശങ്ങള്‍ക്കും ആര്‍പ്പുവിളികള്‍ക്കും പോലെ തിളങ്ങിയ ബൂട്ട് കൊണ്ട് അഭിവാദ്യമര്‍പ്പിച്ച ഈ കളിക്കാരന് ഓര്‍മയാകുമ്പോള്‍ അല്‍ ഐന്‍ മലയാളികള്‍ വിതുമ്പുകയാണ്…