വിസാ സേവന: ആമര്‍ സെന്ററുകള്‍ തുറക്കുന്നത് ഏപ്രില്‍ 18 വരെ നീട്ടി

ദുബൈ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ദുബൈയിലെ വിസാ സേവനങ്ങള്‍ക്കുള്ള ആമര്‍ സെന്ററുകള്‍ തുറക്കുന്നത് ഈ മാസം 18 വരെ നീട്ടിയെന്ന് ദുബൈ എമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു. പൊതുജനാരോഗ്യം പരിഗണിച്ച് കഴിഞ്ഞ മാസം 25 മുതലാണ് സേവന കേന്ദ്രങ്ങള്‍ അടച്ചത്. ഏപ്രില്‍ 9 വരെ സെന്ററുകള്‍ അടച്ചിടുമെന്നാണ് എമിഗ്രേഷന്‍ അഥോറിറ്റി മുന്‍പ് ദുബൈയിലെ താമസക്കാരെ അറിയിച്ചിരുന്നത്. അതാണിപ്പോള്‍ 18 വരെ നീട്ടിയിരിക്കുന്നത്. ഇക്കാലയളവില്‍ സേവനങ്ങള്‍ തേടുന്നവര്‍ വകുപ്പിന്റെ വെബ്‌സൈറ്റ്, സ്മാര്‍ട് ആപ്‌ളികേഷന്‍ എന്നിവ ഉപയോഗപ്പെടുത്തണമെന്നു താമസ-രേഖാ സംബന്ധമായ എല്ലാ അന്വേഷണങ്ങള്‍ക്കും സംശയങ്ങള്‍ക്കും വകുപ്പിന്റെ ടോള്‍ഫ്രീ നമ്പറായ 800 5111ല്‍ വിളിക്കണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ദുബൈ എമിഗ്രേഷന്‍) അറിയിച്ചു.