വിസ: ആശങ്ക പരിഹരിക്കാന്‍ ആമര്‍ കോള്‍ സെന്റര്‍ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കി

മാര്‍ച്ച് അവസാന രണ്ടാഴ്ച സ്വീകരിച്ചത് 211,136 കോളുകള്‍. താമസ
രേഖകളുടെ അന്വേഷണങ്ങള്‍ക്ക് ടോള്‍ ഫ്രീ 800 5111

 

മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി
മേജര്‍ സാലിം ബിന്‍ അലി

ദുബൈ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങളുടെ താമസ രേഖകളുമായി ബന്ധപ്പെട്ട ആശങ്കയകറ്റാന്‍ ദുബൈ ജനറല്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ ദുബൈ) ആമര്‍ ഹാപിനസ് കോള്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും കൂടുതല്‍ ഊര്‍ജിതമാക്കിയെന്ന് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അറിയിച്ചു. ഇപ്പോള്‍ വിദൂര ജോലി സംവിധാനത്തില്‍ 24 മണിക്കൂറും സേവനങ്ങള്‍ ലഭ്യമാകുന്ന തരത്തിലാണ് ആമര്‍ കോള്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. പൊതുജനങ്ങളുടെ താമസ രേഖാ സംബന്ധമായ എല്ലാ അന്വേഷണങ്ങള്‍ക്കും സംശയങ്ങള്‍ക്കും ടോള്‍ ഫ്രീ 800 5111ല്‍ വിളിക്കണമെന്ന് മേജര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ, മാര്‍ച്ച് മാസത്തെ അവസാനത്തെ രണ്ടാഴ്ചകളില്‍ ആമര്‍ കോള്‍ സെന്റര്‍ സ്വീകരിച്ചത് 211,136 വിവര അന്വേഷണ കോളുകളാണെന്ന് അല്‍ മര്‍റി വെളിപ്പെടുത്തി. പ്രതിദിനം 11,000ത്തിലധികം (82.86%) വിളികളാണ് രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും ലഭിച്ചത്. ഇത് കാര്യക്ഷമതാ നിരക്കാണ്. ഇന്ത്യയില്‍ നിന്നടക്കമുള്ള വിദേശ രാജ്യങ്ങളിലെ അന്വേഷകര്‍ +971 4 3139999 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്. Amer@dnrd.ae എന്ന ഇമെയില്‍ വിലാസം വഴി ബന്ധപ്പെട്ടാലും വിവരങ്ങള്‍ അറിയാം.
ആമര്‍ കേന്ദ്രങ്ങള്‍ മാര്‍ച്ച് 26 മുതലാണ് വിദൂര ജോലി സംവിധാനത്തിലേക്ക് മാറിയത്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 100 ശതമാനം വിദൂര ജോലി സംവിധാനം നടപ്പാക്കാനുള്ള ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ തീരുമാനത്തിനനുസൃതമായാണ് ഈ മാറ്റം. ആളുകള്‍ക്ക് ഏറ്റവും വേഗത്തില്‍ സേവനങ്ങള്‍ ആവശ്യമുള്ള ഈ ഘട്ടത്തില്‍ ജോലിയില്‍ ഉയര്‍ന്ന ഉല്‍പാദന ക്ഷമത കൈവരിക്കാന്‍ വിദൂര ജോലി സംവിധാനം ജീവനക്കാരെ കൂടുതല്‍ സഹായിക്കുന്നു. കേഡര്‍മാരുടെ സന്നദ്ധതയും ഉയര്‍ന്ന കാര്യക്ഷമതയും സേവനത്തിലടനീളം പ്രകടമാകുന്നു. യുഎഇയില്‍ നിന്നും, മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള കോളുകള്‍ക്ക് മറുപടി നല്‍കാന്‍ വിവിധ ഭാഷകളില്‍ പരിശീലനം സിദ്ധിച്ച ജീവനക്കാരാണ് അമര്‍ കേന്ദ്രത്തില്‍ ജോലി ചെയ്യുന്നതെന്ന് ഹാപിനസ് കസ്റ്റമര്‍ ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ മേജര്‍ സാലിം ബിന്‍ അലി പറഞ്ഞു. ജീവനക്കാര്‍ ഫലപ്രദമായി ഇടപാടുകാരുമായി പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദൂര ജോലിയുടെ ഭാഗമായി ഉപയോക്താക്കളുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ജീവനക്കാര്‍ക്ക് ലാപ്‌ടോപ്പുകളും ഹെഡ് ഫോണുകളും ജിഡിആര്‍എഫ്എ ദുബായ മുന്‍കൂട്ടി നല്‍കിയിട്ടുണ്ട്.
അതിനിടെ, വകുപ്പിന്റെ ഇതര സേവനങ്ങള്‍ തേടുന്ന ഇടപാടുകാര്‍ www.gdrfad.gov.ae എന്ന വെബ്‌സൈറ്റോ, അല്ലെങ്കില്‍ GDRFAdubai എന്ന സ്മാര്‍ട് ആപ്‌ളികേഷനോ ഉപയോഗിക്കണമെന്ന് മേജര്‍ ജനറല്‍ അല്‍ മര്‍റി പൊതു ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.