ദുബൈ: നായിഫില്‍ പ്രത്യേകം സജ്ജീകരിച്ച കേന്ദ്രത്തില്‍ ദുബൈ വിപിഎസ് മെഡിയോര്‍ ആശുപത്രിയില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘമാണ് പരിശോധന നടത്തുന്നത്. രാവിലെ എട്ടു മുതല്‍ രണ്ടു മണി വരെ മുന്നൂറിലധികം പേരെ പരിശോധനക്ക് വിധേയരാക്കി. മലയാളികള്‍ അടക്കം നിരവധി പേര് പരിശോധനക്ക് എത്തിയതായാണ് വിവരം. വിപിഎസ് മെഡിയോര്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. രോഹിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംഘം നായിഫ്, അല്‍റാസ് മേഖലയില്‍ പരിശോധന തുടരുകയാണ്. ഡിഎച്ച്എ, ദുബൈ പൊലീസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിശോധന. മൂന്നു ഡോക്ടര്‍മാരും നഴ്സുമാരും അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാരും അടങ്ങുന്നതാണ് പതിനഞ്ചോളം അംഗങ്ങളുള്ള മെഡിക്കല്‍ സംഘം. പനി ഉള്ളവരുടെ സാമ്പിളുകള്‍ ശേഖരിച്ച് സ്ക്രീനിംഗിനായി ലബോറട്ടറിയിലേക്ക് അയച്ചു. നിരവധി മലയാളികള്‍ അടക്കമുള്ളവര്‍ താമസിക്കുന്ന നായിഫ് മേഖലയില്‍ നിന്ന് കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് മെഡിയോര്‍ അടക്കമുള്ള ആശുപത്രികളുമായി ചേര്‍ന്ന് ഡിഎച്ച്എ വ്യാപക പരിശോധക്ക് സൗകര്യം ഒരുക്കിയത്.