
പ്രയാസങ്ങളോടും പ്രതിസന്ധികളോടുമുള്ള പോരാട്ടത്തില്‍ സമൂഹത്തിനെന്നും പച്ചത്തുരുത്തായി മാറുന്ന വൈറ്റ്ഗാര്‍ഡിന്റെ സേവനം കോവിഡ് പ്രതിരോധത്തിലും അനുഗ്രഹമാകുന്നു. നാടു മുഴുവന്‍ പ്രളയക്കെടുതികളില്‍ മുങ്ങിയപ്പോള്‍ ആലംബമറ്റവര്‍ക്ക് രാപ്പകല്‍ സഹായ ഹസ്തമായ മുക്കം നഗരസഭ വൈറ്റ്ഗാര്‍ഡ്, രാഹുല്‍ ഗാന്ധി എം.പിയുടെ ഉള്‍പ്പെടെ അഭിനന്ദനത്തിന് അര്‍ഹമായതാണ്. ലോക്ക്ഡൗണില്‍ ആതുര സേവനത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഒട്ടേറെ രോഗികള്‍ക്ക് ഇതിനകം മരുന്നെത്തിച്ചു കൊടുത്തു.
ജില്ലാ അതിര്‍ത്തികളില്‍വെച്ച് വൈറ്റ് ഗാര്‍ഡ് വളണ്ടിയേഴ്‌സ് പരസ്പരം കൈമാറുന്ന രീതിയില്‍ മെഡിചെയിന്‍ മിഷന്‍ ആയാണ് പ്രവര്‍ത്തിക്കുന്നത്. മലപ്പുറം ജില്ലയിലെ കിഴിശ്ശേരി, കെടങ്ങല്ലൂര്‍, കല്‍പകഞ്ചേരി, വയനാട് പടിഞ്ഞാറത്തറ, മേപ്പാടി, കോഴിക്കോട്, മുക്കം, താമരശ്ശേരി, അമ്പലകണ്ടി, കൂടത്തായി, ഓമശ്ശേരി, വെളിമണ്ണ തുടങ്ങി തമിഴ്‌നാട് അതിര്‍ത്തി വരെ യൂത്ത് ലീഗിന്റെ അഭിമാനമായ വൈറ്റ് ഗാര്‍ഡിന്റെ കോവിഡ് പ്രതിരോധ സേവനം ഇതിനകം എത്തിക്കഴിഞ്ഞു. കല്‍പകഞ്ചേരിയില്‍ നിന്നുള്ള മരുന്നു ലഭിക്കേണ്ട വയനാട് മേപ്പാടിയിലെ ഏഴു വയസ്സുകാരിയടക്കം നൂറു കണക്കിനു രോഗികള്‍ക്ക് വൈറ്റ് ഗാര്‍ഡ് മെഡിചെയിന്‍ മിഷന്റെ സേവനം വലിയ അനുഗ്രഹമായി. വടുവന്‍ചാലിലെ ഒരു രോഗിക്കുള്ള അത്യാവശ്യ മരുന്ന് കോഴിക്കോട് നിന്നും ആംബുലന്‍സ് വഴി വീട്ടില്‍ എത്തിച്ചു കൊടുക്കുകയായിരുന്നു.
കൂട്ടത്തില്‍ മലപ്പുറം വേങ്ങരയിലെ ഒരു പശുഫാമിലേക്കുള്ള കൗലിഫ്റ്റ് പുതുപ്പാടി വൈറ്റ് ഗാര്‍ഡില്‍ നിന്നും സ്വീകരിച്ചു, എരഞ്ഞിമാവില്‍ വെച്ച് ഏറനാട് വൈറ്റ് ഗാര്‍ഡിന് കൈമാറി. വാഹനം തകരാറായത് മൂലം മുക്കത്ത് കുടുങ്ങിയ വയോധികനെ കുറ്റിക്കാട്ടൂരിലെ വീട്ടില്‍ എത്തിച്ചതും ഈ കര്‍മ്മ സേനയാണ്. ക്യാപ്റ്റന്‍ ശിഹാബ് മുണ്ടുപാറ, ഭാരവാഹികളായ അന്‍വര്‍ മുണ്ടുപാറ, ശരീഫ് തറോല്‍, മിഥ്‌ലാജ് മുണ്ടുപാറ, ജിഹാദ് തറോല്‍, ശമില്‍ കാതിയോട്, നസീര്‍ കല്ലുരുട്ടി, ശബീര്‍ തറോല്‍,ശംസാദ് പൊയില്‍,ജമാല്‍, നൗഫല്‍, മണ്ഡലം ക്യാപ്റ്റന്‍ കോയ ഷംനാസ് എന്നിവരുടെ നേതൃത്വത്തിലാണ് മുക്കം വൈറ്റ്ഗാര്‍ഡ് മെഡിചെയിന്‍ മിഷന്‍ മരുന്നുവിതരണം നടക്കുന്നത്.