125,000 ലക്ഷം ഭക്ഷണം നല്‍കും
ദുബൈ: യുഎഇയിലെ ഏറ്റവും ബൃഹത്തായ ’10 മില്യന്‍ മീല്‍സ്’ യജ്ഞത്തിലേക്ക് ബിസിനസുകാരില്‍ നിന്നും കമ്പനികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള സംഭാവനകള്‍ തുടരുന്നു. പ്രമുഖ വ്യവസായി ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ് ചെയര്മാന് എം.എ യൂസുഫലി യുഎഇയിലെ കോവിഡ് 19 ബാധിത മേഖലയില്‍ 125,000 ഭക്ഷണം നല്‍കാനായി 10 ലക്ഷം ദിര്‍ഹം സംഭാവന ചെയ്തു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ നിര്‍ദേശാനുസരണം, അദ്ദേഹത്തിന്റെ പത്നിയും യുഎഇ ഫുഡ് ബാങ്ക് ചെയര്‍പേഴ്സണുമായ ശൈഖാ ഹിന്ദ് ബിന്ത് മക്തൂം ബിന്‍ ജുമാ അല്‍മക്തൂം നയിക്കുന്ന കാമ്പയിനിലേക്കാണ് യൂസുഫലി സംഭാവന നല്‍കിയത്. ഇതനുസരിച്ച്, കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ച ഇടങ്ങളില്‍ 125,000 ഭക്ഷണവും ഫുഡ് പാര്‍സലുകളും നല്‍കും. കാമ്പയിന് ആരംഭിച്ചതു മുതല്‍ ബിസിനസുകാരില്‍ നിന്നും പൊതു-സ്വകാര്യ മേഖലകളില്‍ നിന്നും മനുഷ്യ കാരുണ്യ-സാമൂഹിക പ്രവര്‍ത്തന ഏജന്‍സികളില്‍ നിന്നും സംഭാവനകള്‍ പ്രവഹിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് 19നെതിരെയുള്ള കമ്യൂണിറ്റി സോളിഡാരിറ്റി ഫണ്ടുമായി സഹകരിച്ച് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ഗ്ളോബല്‍ ഇനീഷ്യേറ്റീവ്സ് ആണ് ഏറ്റവും വലിയ ഈ ഭക്ഷ്യ സമാഹരണ യജ്ഞം ഒരുക്കുന്നത്.
ശൈഖാ ഹിന്ദ് തുടക്കം കുറിച്ച ’10 മില്യന്‍ മീല്‍സ്’ കാമ്പയിന് ഏറ്റവും ശ്രദ്ധേയമായ ജീവകാരുണ്യ സംരംഭങ്ങളിലൊന്നാണ്. റമദാനില്‍ ഈ മഹത്തായ സംരംഭം തുടങ്ങിയെന്നത് ഏറ്റവും വിലമതിക്കേണ്ടതാണ്. മഹാമാരി മൂലം പ്രയാസമനുഭവിക്കുന്ന ഏറ്റവും ആവശ്യക്കാരായ കുടുംബങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും വളരെയേറെ പ്രയോജനപ്പെടും ഈ സഹായ യജ്ഞമെന്നും യൂസുഫലി പറഞ്ഞു. യുഎഇയുടെ വിവേകശാലികളായ ഭരണാധികാരികളുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ഇത്തരം ആദരണീയമായ സംരംഭങ്ങള്‍ മനുഷ്യത്വത്തിന്റെ ആസ്ഥാനത്ത് നാം ജീവിക്കുന്നുവെന്നതിന്റെ വസ്തുതയെ കൂടുതല്‍ ശോഭനമാക്കുന്നതാണ്. ലോകം ഇന്നഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ മറികടക്കാന്‍ ഐക്യപ്പെടേണ്ടതിന്റെ ആഹ്വാനത്തെ പ്രതീകവത്കരിക്കുന്നതുമാണെന്നും യൂസുഫലി അഭിപ്രായപ്പെട്ടു.
സംഭാവന നല്കാന്
അര്‍ഹരായ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും എത്തിക്കുന്ന ഭക്ഷണം ഉദാരമതികള്‍ക്ക് www.10millionmeals.ae എന്ന വെബ്സൈറ്റിലൂടെ വാങ്ങി സംഭാവന ചെയ്യാനാകും. വെബ്സൈറ്റിലെ ലിസ്റ്റ് ചെയ്യപ്പെട്ട നമ്പറുകളിലേക്ക് ഇത്തിസാലാത്ത്, ഡു മുഖേന എസ്എംഎസ് അയച്ചു കൊണ്ടാണിത് സാധിതമാക്കിയിരിക്കുന്നത്. ദുബൈ ഇസ്ലാമിക് ബാങ്കിന്റെ അക്കൗണ്ട് നമ്പറിലേക്ക് തുക ട്രാന്‍സ്ഫര്‍ ചെയ്ത് ’10 മില്യന്‍ മീല്‍സ്’ കാമ്പയിനില്‍ പങ്കെടുക്കാം. ഐബാന് നമ്പര്‍: AE 430240001580857000001. ടോള്‍ ഫ്രീ നമ്പര്‍: 8004006.