അബുദാബി: കോവിഡ് 19 വ്യാപനം മൂലം ദുരിതത്തിലായവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യുഎഇയിലെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെയും സന്നദ്ധ സംഘടനകള്‍ക്ക് വീണ്ടും ആശ്വാസമേകി ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലി. കോവിഡ് പ്രതിസന്ധി മൂലം ജോലിയില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ഭക്ഷണമെത്തിക്കാനാണ് കെഎംസിസി ഷാര്‍ജ, ഇന്ത്യന്‍ അസോസിയേഷന്‍ റാസല്‍ഖൈമ, ഇന്ത്യന്‍ അസോസിയേഷന്‍ ഉമ്മുല്‍ഖുവൈന്‍, കേരള സോഷ്യല്‍ സെന്റര്‍ അബുദാബി, ഐഎംസിസി ഷാര്‍ജ, ഇന്ത്യന്‍ കള്‍ചറല്‍ ഫൗണ്ടേഷന്‍ യുഎഇ എന്നിവയടക്കമുള്ളവര്‍ക്ക് യൂസുഫലി ധനസഹായം നല്‍കിയത്. നേരത്തെ, ദുബൈ കെഎംസിസി, അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍, ഇന്‍കാസ് ദുബൈ തുടങ്ങിയവക്ക് കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി യൂസുഫലി ധനസഹായം നല്‍കിയിരുന്നു. ബഹ്‌റൈന്‍, സഊദി അറേബ്യ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും യൂസുഫലി ഇതിനകം ധനസഹായം നല്‍കിയിട്ടുണ്ട്.