
മുറികളില്‍ കടന്നല് കൂടുകെട്ടിയ നിലയില്‍
പാലക്കാട്: അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ അകത്തേത്തറ എന്‍.എസ്.എസ് കോളജിലെ ഹോസ്റ്റലില്‍ ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികള്‍ ദുരിതത്തില്‍. അണുവിമുക്തമാക്കി പ്രവാസികളെ താമസിപ്പിക്കാന്‍ ക്വാറന്റൈനുകള്‍ സജ്ജമാണെന്ന സര്‍ക്കാര്‍ വാദമാണിതോടെ പൊളിയുന്നത്. കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് 15പ്രവാസികളെ ഹോസ്റ്റിലില്‍ പ്രവേശിപ്പിച്ച് അധികൃതര്‍ കടന്നുകളഞ്ഞത്. റോഡില്‍ നിന്നും അഞ്ചുമിനിറ്റോളം നടന്നു ലഗേജുമേറ്റി ഇവിടെയെത്തിയ പ്രവാസികള്‍ അസൗകര്യത്തെകുറിച്ച് ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും മേലുദ്യോഗസ്ഥരില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശമാണെന്നും കൂടുതലൊന്നും ചെയ്യാനാകില്ലെന്നുമാണ് ലഭിച്ചമറുപടി. രാവിലെ കുടിവെള്ളമില്ലെന്ന പരാതിപ്പെട്ടപ്പോള്‍ മാത്രമാണ് വെള്ളമെത്തിച്ചതെന്നും ഭക്ഷണംപോലും സമയത്തിന് ലഭ്യമാക്കുന്നില്ലെന്നും പരാതിയുണ്ട്. അതാത് തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് അടിസ്ഥാന സൗകര്യങ്ങളൊരുക്കാനുള്ള ചുമതലയുള്ളത്. എന്നാല്‍ പ്രവാസികളെ സ്വീകരിക്കാനായി മുന്‍കരുതലെന്ന നിലയില്‍ ഒന്നും ചെയ്തില്ലെന്നും പഞ്ചായത്തിന് ഈ സ്ഥാപനം ക്വാറന്റൈന് കേന്ദ്രമാണെന്ന് അറിയുകപോലുമില്ലെന്നാണ് പറയുന്നത്.
കൂടാതെ ഹോസ്റ്റലിന് ചുറ്റും കാടുപിടിച്ച നിലയിലാണ്. പലമുറികളിലും കടന്നലുകള്‍ കൂടുകൂട്ടിയിട്ടുണ്ട്. മുറികള്‍ മുഴുവന്‍ പക്ഷികാഷ്ടങ്ങളെകൊണ്ടും വൃത്തിഹീനമായ നിലയിലാണുള്ളത്. പൈപ്പുകളിലാവട്ടെ മലിനജലമാണ് ലഭിക്കുന്നത്. ബാത്തുറൂമുകളില്‍ പ്രവേശിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും പരാതിയുണ്ട്. ഈ സാഹചര്യത്തില്‍ 14 ദിവസം ഇവിടെ താമസിക്കാനാകില്ലെന്നും സൗകര്യമുള്ള മറ്റൊരു കേന്ദ്രത്തിലേക്ക് തങ്ങളെ മാറ്റണമെന്നുമാണ് പ്രവാസികള്‍ പറയുന്നത്.