തെളിവെടുപ്പിനിടെ നാടകീയ രംഗങ്ങള്‍
അഞ്ചല്‍(കൊല്ലം): വീട്ടമ്മയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. മരിച്ച അഞ്ചല്‍ ഏറം വെള്ളശ്ശേരില്‍ വീട്ടില്‍ ഉത്ര(25)യുടെ ഭര്‍ത്താവ് അടൂര്‍ പറക്കോട് ശ്രീ സൂര്യയില്‍ സൂരജും സുഹൃത്തും പാമ്പു പിടുത്തക്കാരനുമായ കല്ലുവാതുക്കള്‍ സ്വദേശി സുരേഷുമാണ് അറസ്റ്റിലായത്. മരിച്ച ഉത്രയുടെ ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കരിമൂര്‍ഖനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊന്നുവെന്നാണ് ഇയാള്‍ പൊലീസിന് മൊഴിനല്‍കിയത്. കിടപ്പുമുറിയില്‍ പാമ്പ് കടിയേറ്റ് യുവതി മരിച്ച കേസ് കൊലപാതകമാണെന്നും പൊലീസ് സ്ഥിരീകരിച്ചു.
കൊലപാതകം വിചിത്രമായ ശൈലിയിലാണ് നടത്തിയതെന്ന് കൊല്ലം റൂറല്‍ എസ്.പി എസ്. ഹരിശങ്കര്‍ പറഞ്ഞു. സാമ്പത്തികനേട്ടം ഉന്നംവച്ചാണ് സൂരജ് കൊലപാതകം നടത്തിയത്. ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ ഇയാള്‍ ലക്ഷ്യമിട്ടിരുന്നെന്നും എസ്.പി പറഞ്ഞു. പ്രതിയെ ഇന്നലെ കൊലപാതകം നടന്ന ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. തെളിവെടുപ്പിനിടെ മകളെ കൊന്നവനെ വീട്ടില്‍ കയറ്റാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് സൂരജിനെതിരെ ഉത്രയുടെ മാതാവ് ക്ഷോഭിച്ചതും താന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് പ്രതി കരഞ്ഞു പറഞ്ഞതും നാടകീയ രംഗങ്ങള്‍ക്കിടയാക്കി.
ഉത്ര(25) പാമ്പു കടിയേറ്റ് മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് വിശ്വസേനനും മാതാവ് മണിമേഖലയും പൊലീസില്‍ നല്കിയ പരാതിയാണ് കേസില്‍ വഴിത്തിരിവായത്. മെയ് ഏഴിനാണ് സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ ഉത്ര പാമ്പു കടിയേറ്റ് മരിച്ചത്. പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നായിരുന്നു ഭര്‍ത്താവ് സൂരജിന്റെ മൊഴി. അഞ്ചലിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇടതു കൈയില്‍ പാമ്പു കടിയേറ്റാണ് മരണമെന്ന് വ്യക്തമായത്. ഇതോടെയാണ് ഉത്രയുടെ മാതാപിതാക്കള്‍ക്ക് സംഭവത്തില്‍ ദുരൂഹത തോന്നിയത്. നേരത്തെ അടൂരിലെ ഭര്‍തൃവീട്ടില്‍ വച്ചും ഉത്രക്ക് പാമ്പു കടിയേറ്റിരുന്നു. ഇതിന്റെ ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടില്‍ കഴിയുമ്പോഴായിരുന്നു രണ്ടാമതും പാമ്പു കടിയേറ്റത്. രണ്ടു തവണയും പാമ്പു കടിച്ചത് ഉറക്കിലായിരുന്നുവെന്നതും കിടപ്പുമുറിയിലായിരുന്നുവെന്നതും സംഭവ സമയത്ത് സൂരജ് മാത്രമാണ് ഉത്രക്കൊപ്പം ഉണ്ടായിരുന്നത് എന്നതും സംശയം വര്‍ധിപ്പിച്ചു. അന്വേഷണത്തില്‍ സംശയങ്ങള്‍ കൂടുതല്‍ ബലപ്പെട്ടു. കഴിഞ്ഞ ദിവസം സൂരജിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. ഉത്രയെ താന്‍ കൊലപ്പെടുത്തിയതാണെന്നും രണ്ടാമത്തെ ശ്രമത്തിലാണ് ഉത്ര കൊല്ലപ്പെട്ടതെന്നും പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ഇതിനായി അഞ്ചുമാസത്തെ ആസൂത്രണമുണ്ടായിരുന്നു. ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ വച്ച് അണലിയെ കൊണ്ടാണ് ഉത്രയെ ആദ്യം കടിപ്പിച്ചത്. അടുത്ത ദിവസം വീട്ടില്‍ ബോധം കെട്ടു വീണ ഉത്രയുടെ കാല് പരിശോധിച്ചതോടെയാണ് പാമ്പു കടിയേറ്റതായി മനസ്സിലായത്. ആസ്പത്രിയിലെത്തിക്കുകയും ചികിത്സ ലഭിക്കുകയും ചെയ്തതോടെ ഉത്ര മെല്ലെ ജീവിതത്തിലേക്ക് തിരികെ വന്നു. അവിശ്വസനീയമായ രീതിയിലായിരുന്നു ജീവിതത്തിലേക്കുള്ള ഉത്രയുടെ മടക്കം. ആദ്യ ശ്രമം പരാജയപ്പെട്ടതോടെയാണ് മൂര്‍ഖനെ വാങ്ങി പ്രതി രണ്ടാമതും സമാനമായ രീതിയില്‍ കൊലപാതകം ആസൂത്രണം ചെയ്തത്. ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടിലായിരുന്ന ഉത്രയെ പ്രതി അവിടെ വച്ചാണ് രണ്ടാം തവണ അപായപ്പെടുത്തിയത്. മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച് മരണം ഉറപ്പാക്കിയ ശേഷം പുലരുംവരെ അതേമുറിയില്‍ ഉറക്കമൊഴിച്ചിരുന്നുവെന്നും സൂരജ് പൊലീസിന് മൊഴി നല്കി.
ഉത്രയെ കൊലപ്പെടുത്താന്‍ പാമ്പിനെ നല്‍കിയത് പാമ്പുപിടിത്തക്കാരന് സുരേഷാണ്. യു ട്യൂബ് ചാനലില്‍ വീഡിയോ ചെയ്യാനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പാമ്പിനെ വാങ്ങിയതെന്നാണ് സുരേഷിന്റെ മൊഴി. പാമ്പിനെ കൈകാര്യം ചെയ്യാന്‍ സൂരജിനെ പഠിപ്പിച്ചതും ഇയാളാണ്. പതിനായിരം രൂപക്കാണ് പാമ്പിനെ വാങ്ങിയത്.
ആദ്യ തവണ പാമ്പു കടിയേറ്റ സമയത്തുതന്നെ ഉത്രയെ ആസ്പത്രിയില്‍ എത്തിക്കാന്‍ വൈകിയിരുന്നതായി മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ പറയുന്നു. അര്‍ധരാത്രിയായതോടെ കിടപ്പുമുറിയുടെ ജനവാതിലുകള്‍ തുറന്നിട്ടതും സംശയത്തിനിടയാക്കി. ടൈല്‍ പാകിയതും എ.സി ഉള്ളതുമായ കിടപ്പുമുറിയുടെ വാതിലുകള്‍ ഉത്രയുടെ അമ്മ രാത്രിയോടെ അടച്ചിരുന്നു. പാമ്പിനെക്കൊണ്ട് കടിപ്പിക്കും മുമ്പ് ഉത്രക്ക് മയക്കുമരുന്നോ മറ്റോ നല്‍കിയിരുന്നോ എന്ന സംശയവും പൊലീസിനുണ്ട്. രണ്ടുതവണ പാമ്പു കടിയേറ്റപ്പോഴും ഉത്ര എന്തുകൊണ്ട് അറിയുകയോ നിലവിളിക്കുകയോ ചെയ്തില്ല എന്ന ചോദ്യമാണ് ഇത്തരമൊരു സംശയം ബലപ്പെടുത്തുന്നത്. അതെ സമയം സൂരജിനെ നേരത്തെ അറിയാമെന്നും എലി ശല്യം ഇല്ലാതാക്കാനാണെന്ന് പറഞ്ഞാണ് അച്ഛനില്‍ നിന്നും പാമ്പിനെ വാങ്ങിക്കൊണ്ടുപോയതെന്നും സുരേഷിന്റെ മകന് മാധ്യമങ്ങളോട് പറഞ്ഞു. ഉത്രയുടെ അഞ്ചലിലെ വീട്ടില്‍ നടന്ന തെളിവെടുപ്പില്‍ പാമ്പിനെ അടച്ച് സൂക്ഷിച്ചതെന്ന് കരുതുന്ന പ്ലാസ്റ്റിക് കുപ്പി കണ്ടെത്തി. അന്വേഷണം തുടരുകയാണെന്നും കൊലപാതകത്തില്‍ മറ്റു ബന്ധുക്കള്‍ക്ക് പങ്കുണ്ടോയെന്ന് വിശദമായി പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. രണ്ട് വര്‍ഷം മുമ്പാണ് സൂരജ് ഉത്രയെ വിവാഹം കഴിച്ചത്. ധ്രുവ് എന്ന ഒരു വയസുള്ള മകനുണ്ട്.