അഞ്ചല്‍: ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ദൃക്സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകള്‍ക്കായി കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന പാമ്പിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തി. ഉത്രയെ കടിച്ച മൂര്‍ഖന്‍ പാമ്പിന്റെ ജഡം ഇന്നലെയാണ് വീട്ടുമുറ്റത്തെ കുഴിയില്‍ നിന്നും പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. പൊലീസ്, വനം, വിരലടയാള, മൃഗസംരക്ഷണ ഉദ്യാഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പാമ്പിന്റെ പോസ്റ്റ്മോര്‍ട്ടം.
ഉത്രയെ കടിച്ച പാമ്പും ഇപ്പോള്‍ പുറത്തെടുത്ത പാമ്പും ഒന്നുതന്നെയെന്ന് ഉറപ്പാക്കുന്നതിനാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ഇതിനായി 152 സെ.മീ നീളമുള്ള മൂര്‍ഖന്‍ പാമ്പിന്റെ പല്ല്, കശേരുക്കള്, ശരീര ഭാഗങ്ങള്‍ എന്നിവയാണ് ശേഖരിച്ചത്. ഉത്രയുടെ ശരീരത്തില്‍ പ്രവേശിച്ച വിഷവും കണ്ടെടുത്ത പാമ്പിന്റെ വിഷവും ഒന്നാണെന്ന് സ്ഥിരീകരിക്കാന്‍ ഡി.എന്‍.എ പരിശോധന കൂടി നടത്തുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ രണ്ട് മണിക്കൂറിലധികം നീണ്ടുനിന്നു. പാമ്പില്‍ നിന്നും ശേഖരിച്ച ഭാഗങ്ങള്‍ കൂടുതല്‍ പരിശോധനകള്‍ക്ക് അയക്കുമെന്നും ഇതിന്റെ ഫലം കൂടി പരിഗണിച്ച് മാത്രമേ അന്തിമ റിപ്പോര്‍ട്ട് തയാറാക്കുകയുള്ളുവെന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതിനിടെ ഉത്രയുടെ മകന് ധ്രുവിനെ സൂരജിന്റെ കുടുംബം ഇന്നലെ ഉത്രയുടെ കുടുംബത്തിന് കൈമാറി. സംസ്ഥാന വനിതാ കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് നടപടി.