അതിര്‍ത്തികളില്‍ മലയാളികളെ തടഞ്ഞ സംഭവം; സംസ്ഥാന സര്‍ക്കാര്‍ മാപ്പുപറയണം: കുഞ്ഞാലിക്കുട്ടി

18

മലപ്പുറം: ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ അകപ്പെട്ടുപോയ മലയാളികള്‍ തിരിച്ച് നാട്ടിലേക്ക് എത്തുമ്പോള്‍ അതിര്‍ത്തികളില്‍ തടയുന്ന നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ ആരുടെയും കരളലിയിപ്പിക്കുന്നതാണെന്നും ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമൂഹത്തോട് മാപ്പ് പറയണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അന്യ നാടുകളില്‍ കുടുങ്ങിയ മലയാളികളോടുള്ള സംസ്ഥാന സര്‍ക്കാറിന്റെ ദ്രോഹ നിലപാടിനെതിരെ മലപ്പുറം കളക്‌ട്രേറ്റു പടിക്കല്‍ മുസ്‌ലിംലീഗ് സംഘടിപ്പിച്ച ജനപ്രതിനിധികളുടെ സമരം ഉദഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിര്‍ത്തികളില്‍ എത്തിയ സ്ത്രീകളും കൈ കുഞ്ഞുങ്ങളും വൃദ്ധരും വിദ്യാര്‍ഥികളും അടങ്ങുന്ന സംഘം ഭക്ഷണം പോലുമില്ലാതെ റോഡില്‍ കഴിയേണ്ടി വന്നത് ദുഃഖകരമാണ്. പാസ് ഇല്ലാതെ എത്തുന്നവരാണ് ഇങ്ങനെ കുടുങ്ങി കിടക്കുന്നതെന്നാണ് സര്‍ക്കാര്‍ ഇപ്പോഴും ഉന്നയിക്കുന്നത്. സര്‍ക്കാര്‍ വിചാരിച്ചാല്‍ പ#ോസ് നല്‍കി നിസാരമായി പരിഹരിക്കാവുന്ന വിഷയമാണ് വലിയ സങ്കീര്‍ണതകള്‍ പറഞ്ഞ് മുടക്കുന്നത്.
ഇതര സംസ്ഥാനങ്ങളില്‍ ജനം നരകയാതന അനുഭവിക്കുകയാണ്. അവര്‍ കേരളത്തിന്റെ മക്കളാണ്. അവര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്. വ്യവസ്ഥാപിതമായി സൗകര്യങ്ങളുണ്ടാക്കി കൊണ്ടു വരുന്നതിന് പകരം ഞങ്ങള്‍ കൊണ്ടു വരില്ലെന്ന് വാശിപിടിക്കുന്നത് ശരിയല്ല. മറ്റു സംസ്ഥാനങ്ങളെല്ലാം അനുമതി നല്‍കി അവരുടെ സംസ്ഥാനത്തുള്ളവര്‍ക്ക് സംരക്ഷണം നല്‍കുമ്പോള്‍ കേരളം മാത്രം നിരുത്തരവാദ നിലാപാട് സ്വീകരിക്കുന്നു. മുസ്‌ലിംലീഗ് പാര്‍ട്ടി പോഷക സംഘടനയായ കെ.എം.സി.സിയുമായി സഹകരിച്ച് വാഹന സൗകര്യം ഏര്‍പ്പാട് ചെയ്യാന്‍ തയാറാണ്. അവര്‍ക്കുള്ള ക്വാറന്റൈന്‍ സംവിധാനത്തിന് തങ്ങളുടെ സ്ഥാപനങ്ങളും വിട്ടു നല്‍കാം. പക്ഷെ സര്‍ക്കാര്‍ ഇത് അംഗീകരിക്കുന്നില്ല. ചെറിയ കാര്യങ്ങള്‍ പോലും പെരുമ്പറ കൊട്ടി നാടറിയിക്കുന്ന മുഖ്യമന്ത്രി ഇത്തരം കാര്യങ്ങളിലും ഇടപെടണം. വിദേശ മലയാളികളെ കേരളത്തിലെത്തിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന നിലപാടും ഇതിന് സമാനമാണ്. വിമാനയാത്രാ കൂലി വര്‍ദ്ധിപ്പിച്ചും മറ്റും പ്രവാസികളെ പീഡിപ്പിക്കുന്ന കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. കേന്ദ്ര, കേരള സര്‍ക്കാറുകള്‍ ജനപക്ഷത്ത് നിന്ന് കാര്യങ്ങളെ കാണണം. അല്ലാത്ത പക്ഷം പ്രതിഷേധം ശക്തമാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ ടി.എ അഹമ്മദ് കബീര്‍, അഡ്വ. എം. ഉമര്‍, പ്രഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍, മഞ്ഞളാംകുഴി അലി, അഡ്വ. കെ.എന്‍.എ ഖാദര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ പങ്കെടുത്തു.