അതിര്‍ത്തിയില്‍ കുടുങ്ങി മലയാളികള്‍

11
വാളയാറില്‍ അതിര്‍ത്തി കടക്കാനായി കാത്തു നില്‍ക്കുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയ നിര

പാസ് വിതരണം നിര്‍ത്തിയതായി പരാതി, തലപ്പാടിയിലും വാളയാറിലും കുടുങ്ങിയത് നൂറു കണക്കിനുപേര്‍, അതിര്‍ത്തിയില്‍ സ്ഥിതി രൂക്ഷമെന്ന് പ്രതിപക്ഷ നേതാവ്‌

തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങാനാവാതെ സംസ്ഥാന അതിര്‍ത്തികളില്‍ കുടുങ്ങിക്കിടക്കുന്നത് നൂറു കണക്കിന് മലയാളികള്‍. തലപ്പാടിയിലും വാളയാറിലും എത്തിയവരെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കാതെ പൊലീസ് തടഞ്ഞു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതിനെതുടര്‍ന്നാണ് മലയാളികള്‍ നാട്ടിലേക്ക് മടങ്ങാന്‍ തുടങ്ങിയത്. തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി സര്‍ക്കാര്‍ പാസും അനുവദിച്ചിരുന്നു. എന്നാല്‍ പാസ് അനുവദിക്കുന്നത് പൊടുന്നനെ നിര്‍ത്തിയതോടെയാണ് നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങിയവര്‍ കുരുക്കിലായത്.
കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന മഞ്ചേശ്വരം തലപ്പാടിയില്‍ എത്തിയ നിരവധി മലയാളികളെ പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. രാവിലെ തന്നെ 25ഓളം പേരാണ് ചെക്ക്‌പോസ്റ്റില്‍ എത്തിയത്. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ ഇവരുടെ കൈയില്‍ കര്‍ണാടക സര്‍ക്കാറിന്റെ പാസും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരുന്നു. പാസിന് അപേക്ഷിച്ചിരുന്നെങ്കിലും കേരളം അനുവദിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് ചെക്ക്‌പോസ്റ്റില്‍ നിന്ന് നേരിട്ട് പാസെടുത്ത് അതിര്‍ത്തി കടക്കാമെന്ന പ്രതീക്ഷയിലാണ് എത്തിയതെന്ന് ഇവര്‍ പറഞ്ഞു. വാളയാറിലും മുത്തങ്ങയിലും സമാനമായ സാഹചര്യം നിലനില്‍ക്കുന്നുണ്ട്.
അതിര്‍ത്തിയിലെത്തിയവര്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ വലയുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ അനുമതി ലഭിച്ചാല്‍ നാട്ടിലെത്തിക്കുന്ന കാര്യം പരിശോധിക്കുമെന്ന് കെ.പി.സി.സി പ്രതികരിച്ചു. സമൂഹവ്യാപനം പേടിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഇതര നാടുകളില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ മടിക്കുന്നതെന്ന് കെ.മുരളീധരന്‍ എം.പി പറഞ്ഞു. കേരള അതിര്‍ത്തികളില്‍ സ്ഥിതി അതീവ ഗുരതരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന മലയാളികള്‍ക്കായി സര്‍ക്കാര്‍ ഒരു ക്രമീകരണവും ഒരുക്കിയിട്ടില്ല. പാസുകള്‍ എത്രയും വേഗം നല്‍കണം. ട്രെയിനും ബസും ഉള്‍പ്പെടെയുള്ള ഗതാഗത സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും നൂറു കണക്കിന് മലയാളികളാണ് നാട്ടിലേക്ക് മടങ്ങാനാവാതെ കുടുങ്ങിക്കിടക്കുന്നത്. ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ക്യാബിനറ്റ് റാങ്കോടെ നിയമിച്ച എ സമ്പത്ത് എം.പി ലോക്ക്ഡൗണിനു മുമ്പുതന്നെ കേരളത്തില്‍ തമ്പടിച്ചതും സംസ്ഥാന സര്‍ക്കാറിനെതിരായ ജനരോക്ഷം വര്‍ധിപ്പിച്ചിട്ടുണ്ട്. ഗുരുതരമായ ഇത്തരം സാഹചര്യത്തില്‍ അല്ലെങ്കില്‍ പിന്നെ എന്തിനാണ് ഡല്‍ഹിയില്‍ ഇത്തരമൊരു പ്രതിനിധി എന്ന ചോദ്യമാണ് ഉയരുന്നത്.
പാലക്കാട്-തമിഴ്‌നാട് അതിര്‍ത്തി ചെക്‌പോസ്റ്റായ വാളയാറില്‍ ഇന്നലെ മാത്രം നൂറുകണക്കിന ് മലയാളികളാണ് കേരളത്തിലേക്ക് കടക്കാനാകാതെ കുരുങ്ങിക്കിടക്കുന്നത്. ഇന്നലെ പാസ് അനുസരിച്ച് എത്തിയവരെ മാത്രമേ കടത്തിവിട്ടുള്ളൂവെങ്കിലും കഴിഞ്ഞദിവസങ്ങളില്‍ പാസില്ലാത്തവരെ കൂടി കടത്തിവിട്ടതിനാലാണ് പാസില്ലാതെ കുട്ടികളും കുടുംബവുമായി പലരും എത്തിയത്. ചെന്നൈ, കോയമ്പത്തൂര്‍, സേലം, ബംഗളൂരു മുതലായ സ്ഥലങ്ങളില്‍നിന്നുള്ളവരാണ് വന്നവരിലധികവും. പാസില്ലാതെ വന്നവരെ കടത്തിവിടാതിരുന്നതിനാല്‍ ഇവര്‍ സമീപത്തെ കാടുകളില്‍ അഭയം തേടിയിരിക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച് ഇവര്‍ വന്ന ഇടങ്ങളിലേക്ക് തിരിച്ചുപോകുന്നതും പ്രായോഗികമല്ല. അതേസമയം ബഹളമുണ്ടാക്കി അതിക്രമിച്ച് കടക്കാമെന്ന് കരുതേണ്ടെന്ന മന്ത്രി എ.കെ ബാലന്റെ പ്രസ്താവന പ്രശ്‌നം കൂടുതല്‍ വഷളാക്കി. വെള്ളവും ഭക്ഷണവും ഇല്ലാതെ കുട്ടികളും മറ്റും വലഞ്ഞു. ഇവര്‍ക്ക് സന്നദ്ധപ്രവര്‍ത്തകര്‍ പഴവും വെള്ളവും എത്തിച്ചുനല്‍കി.
ഇന്നലെ വരെ വാളയാര്‍ വഴി പതിനായിരത്തോളം പേരാണ് കടന്നുവന്നത്. പാസുമായി ഇന്നലെ അഞ്ഞൂറോളം പേരാണ് എത്തിയത്. രണ്ടുദിവസം മുമ്പ് വരെ പാസില്ലാത്തവരെയും 15,16 കൗണ്ടറുകളിലൂടെ കടത്തിവിടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെങ്കിലും ഇന്നലെ പൊടുന്നനെ തീരുമാനം മാറ്റിയതാണ് പ്രശ്‌നത്തിന് ഇടവരുത്തിയത്. വാളയാര്‍ വഴി ദിവസം 500പേര്‍ക്ക് മാത്രമാണ് പ്രവേശനപാസ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 168912 പേര്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തി. രണ്ടുലക്ഷത്തോളം പേരാണ് പേര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വരുന്നവരെ ക്വാറന്റൈനില്‍ താമസിപ്പിക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പമാണ് പാസ് വിതരണം വൈകാന്‍ കാരണമെന്നാണ് അറിയുന്നത്. ആസൂത്രണത്തിലെ പിഴവും ഇതിന് കാരണമായി. ഇന്നലെ എം.പിമാരായ വി.കെ ശ്രീകണ്ഠന്‍, ടി.എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, എം.എല്‍.എമാരായ ഷാഫി പറമ്പില്‍, അനില്‍ അക്കര എന്നിവര്‍ വാളയാറിലെത്തി പ്രതിഷേധിച്ചിരുന്നു.