മലപ്പുറം: വിദേശ മലയാളികളുടെ ആശങ്ക പരിഹരിക്കുന്നതിന് അധിക വിമാന സര്‍വീസുകള്‍ ആരംഭിക്കാര്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത എം.പിമാരുടെയും എം.എല്‍.എമാരുടെയും യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശത്ത് മലയാളികളുടെ മരണസംഖ്യ വര്‍ധിക്കുന്നത് ആശങ്കാജനകമാണ്. ചികിത്സിക്കായി ആംബുലന്‍സ് സൗകര്യം പോലും ലഭിക്കാതെയാണ് പലരും മരണത്തിന് കീഴടങ്ങുന്നത്. നിലവിലെ ഷെഡ്യൂള്‍ പ്രകാരം പ്രവാസികള്‍ നാട്ടിലെത്താന്‍ സമയമെടുക്കും. ഈ സാഹചര്യത്തില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും അധിക വിമാന സര്‍വീസുകള്‍ക്കും അനുമതി ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് എം.പി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന് പുറത്ത് കുടുങ്ങിയവരെ ഉടന്‍ നാട്ടിലെത്തിക്കുന്നതിന് നടപടി വേണം. നിരവധി ഇതര സംസ്ഥാന തൊഴിലാളികളാണ് പല ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. അവരെ നാട്ടിലെത്തിക്കാനും നടപടി വേണം. ക്വാറന്റൈന് സംവിധാനം ശക്തിപ്പെടുത്തി സാമൂഹ്യ വ്യാപനത്തിന് സാധ്യത ഇല്ലാതാക്കണം. മഞ്ചേരി മെഡിക്കല്‍ കോളജ് കോവിഡ് ആസ്പ്രതിയായതിനാല് മറ്റു രോഗങ്ങള്‍ക്കുള്ള വിദഗ്ധ ചികിത്സ നടക്കാത്തത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ചികിത്സക്കായി ജില്ലക്ക് പുറത്ത് പോകേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. കോവിഡിന് പ്രത്യേക ബ്ലോക്ക് തയാറാക്കി മറ്റു ചികിത്സകള്‍ പുനരാരംഭിക്കുന്നതിന് നടപടി ഉണ്ടാകണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി എന്നിവരും എം.എല്‍.എമാരും പങ്കെടുത്തു.