അന്യനാട്ടില്‍ കുടുങ്ങിയ മലയാളികളോടുള്ള സര്‍ക്കാറിന്റെ അവഗണന; കലക്ടറേറ്റു പടിക്കല്‍ മുസ്‌ലിംലീഗ് പ്രതിഷേധം

13
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് തിരിച്ചെത്താനുള്ള സൗകര്യം നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് മലബാര്‍ ജില്ലകളിലെ കലക്‌ട്രേറ്റുകള്‍ക്ക് മുമ്പില്‍ മുസ്്‌ലിംലീഗ് പ്രഖ്യാപിച്ച എം.എല്‍.എമാരുടെ പ്രതിഷേധ സമരം മലപ്പുറത്ത് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യുന്നു. എം.എല്‍.എമാരായ അഡ്വ. കെ.എന്‍.എ ഖാദര്‍, പ്രഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍, പി. ഉബൈദുല്ല, അഡ്വ.എം. ഉമര്‍, മഞ്ഞളാംകുഴി അലി, ടി.എ അഹമ്മദ് കബീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ന്‍ തുടങ്ങിയവര്‍ വേദിയില്‍.

കോഴിക്കോട്: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളോടുള്ള സംസ്ഥാന സര്‍ക്കാറിന്റെ ശത്രുതാ മനോഭാവത്തില്‍ പ്രതിഷേധിച്ചും അവരെ തിരിച്ചെത്തിക്കാന്‍ നടപടി ആവശ്യപ്പെട്ടും എം.എല്‍.എമാരുടെ നേതൃത്വത്തില്‍ മുസ്്‌ലിംലീഗ് ജനപ്രതിനിധികള്‍ മലബാറിലെ കലക്ട്രേറ്റുകള്‍ക്ക് മുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരം താക്കീതായി. കേരളത്തിലേക്ക് മടങ്ങാന്‍ പാസും അനുമതിയും നല്‍കാതെ സര്‍ക്കാര്‍ സ്വീകരിക്കുന്ന ദ്രോഹ നടപടിക്ക് എതിരായ പ്രതിഷേധത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എം.എല്‍.എമാരും ജില്ലാ പഞ്ചായത്ത് പ്രതിനിധിയും മാത്രമാണ് പങ്കെടുത്തത്.
കോഴിക്കോട്ട് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീറിന്റെ നേതൃത്വത്തില്‍ നടന്ന സമരം മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എമാരായ പി അബ്ദുല്‍ഹമീദ്, പാറക്കല്‍ അബ്ദുള്ള, ടി.വി ഇബ്രാഹീം, ജില്ലാ പഞ്ചായത്ത് അംഗം നജീബ് കാന്തപുരം പങ്കെടുത്തു. മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, എം.കെ രാഘവന്‍ എം.പി, കെ.എസ്.യു പ്രസിഡന്റ് കെ.എം അഭിജിത്ത് സംസാരിച്ചു.
മലപ്പുറത്ത് അഡ്വ.എം ഉമ്മര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന സമരം മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. പി ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ ടി.എ അഹമ്മദ് കബീര്‍, പ്രഫ.കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍, മഞ്ഞളാംകുഴി അലി, അഡ്വ.കെ.എന്‍. എ ഖാദര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ പങ്കെടുത്തു. പാലക്കാട് അഡ്വ.എന്‍ ഷംസുദ്ദീന്‍ എം. എല്‍. എയുടെ നേതൃത്വത്തില്‍ നടന്ന സമരം മുസ്്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. കളത്തില്‍ അബ്ദുല്ല, മരക്കാര്‍ മാരായമംഗലം, എം.എം ഹമീദ് നേതൃത്വം നല്‍കി. വയനാട്ടില്‍ സി മമ്മുട്ടി എം. എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന സമരം മുസ്്‌ലിംലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ അധ്യക്ഷത വഹിച്ചു. കണ്ണൂരില്‍ കെ.എം ഷാജി എം. എല്‍. എയുടെ നേതൃത്വത്തില്‍ നടന്ന സമരം മുസ്്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് തലപ്പാടിയില്‍ എന്‍.സി ഖമറുദ്ദീന്‍ എം. എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന സമരം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം. എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ സംബന്ധിച്ചു.