അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു; 16 കുടിയേറ്റ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

22
തൊഴിലാളികളുമായി എത്തിയ ട്രക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടം

ന്യൂഡല്‍ഹി: ലോക് ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികള്‍ അപകടത്തില്‍പ്പെടുന്നത് തുടര്‍ക്കഥയാവുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെയുണ്ടായ അപകടങ്ങളില്‍ 16 പേരാണ് മരിച്ചത്.ബിഹാറിലെ ഭാഗല്‍പുരില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് ഒമ്പത് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഇന്നലെ രാവിലെയായിരുന്നു അപകടം.
നിരവധി പേര്‍ക്ക് പരിക്കേറ്റു. തൊഴിലാളികളുമായി എത്തിയ ട്രക്ക് ബസുമായി കൂട്ടിയിടിച്ച ശേഷം മറിയുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ ഒമ്പത് തൊഴിലാളികള്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ കൂടാനിടയുണ്ട്.
മഹാരാഷ്ട്രയിലെ യവാത്മല്‍ ജില്ലയില്‍ തൊഴിലാളികളുമായി പോയ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. പുലര്‍ച്ചെ 3.30 നുണ്ടായ അപകടത്തില്‍ മൂന്നു തൊഴിലാളികളും ബസ് ഡ്രൈവറുമാണ് മരിച്ചത്. 15 പേര്‍ക്ക് പരിക്കേറ്റു. ശ്രമിക് പ്രത്യേക ട്രെയിനില്‍ ജാര്‍ഖണ്ഡിലേക്ക് പോകാനായി നാഗ്പൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് തൊഴിലാളികളുമായി പോകുകയായിരുന്ന ബസാണ് മറിഞ്ഞതെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് നൂറുല്‍ ഹസ്സന്‍ പറഞ്ഞു. ഝാന്‍സി-മിര്‍സാപൂര്‍ ഹൈവേയില്‍ തിങ്കളാഴ്ച രാത്രി ഒരു വാഹനം മറിഞ്ഞ് മൂന്ന് കുടിയേറ്റ തൊഴിലാളികള്‍ കൊല്ലപ്പെടുകയും 12 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 17 ഓളം പേരാണ് വാഹനത്തിലുണ്ടായിരുന്നത്. മുന്നറിയിപ്പില്ലാതെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക് ഡൗണ്‍ നിരവധി കുടിയേറ്റ തൊഴിലാളികളുടെ ജീവനാണെടുത്തത്. മെയ് എട്ടിന് മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ ട്രാക്കിലൂടെ നടന്ന 16 കുടിയേറ്റ തൊഴിലാളികള്‍ ട്രെയിന്‍ ഇടിച്ച് മരിച്ചിരുന്നു. ശനിയാഴ്ച യു.പിയിലെ ഔറയിലുണ്ടായ ട്രക്ക് അപകടത്തില്‍ 26 പേര്‍ക്കും ജീവന്‍ നഷ്ടമായി.