അബുദാബിയിലെ മാളുകള്‍ നിയന്ത്രണങ്ങളോടെ നാളെ തുറക്കും

ദുബൈ: അബുദാബിയിലെ യാസ് മാള്‍ അല്‍ജിമി മാള്‍ നാളെ മുതല്‍ വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങും. അബുദാബി എക്കണോമിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും മാളുകള്‍ പ്രവര്‍ത്തിക്കുക. സുരക്ഷാക്രമീകരണങ്ങളും പരിശോധനകളും പൂര്‍ത്തിയായ ശേഷമായിരിക്കും മാളുകള്‍ തുറക്കുക. അബുദാബി വേള്‍ഡ് ട്രേഡ് സെന്റര്‍, അല്‍റീം ഐലന്റിലെ ഷംസ് ബൗട്ടിക്, അല്‍ഐനിലെ റിമാല്‍ മാള്‍ തുടങ്ങിയവ പരിശോധനകളും മറ്റു നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി താമസിയാതെ തുറക്കും. മാളുകളിലെ വിനോദ കേന്ദ്രങ്ങള്‍ക്ക് തുറക്കാന്‍ അനുമതിയില്ല. ഭക്ഷണശാലകളില്‍ കര്‍ശന നിബന്ധകള്‍ പാലിക്കേണ്ടി വരും. ഒരു ടേബിളില്‍ രണ്ടില്‍ കൂടുതല്‍ ആളുകള്‍ പാടില്ല. 30 ശതമാനം ആളുകളെ മാത്രമെ പ്രവേശിപ്പിക്കൂ. സുമാറ്റോ മുഖേന ഹോം ഡെലിവറി സംവിധാനം പ്രവര്‍ത്തിക്കും. മാളുകളിലെ ജീവനക്കാര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്.