അമേരിക്ക കത്തുന്നു; കറുത്ത വര്‍ഗക്കാരനെ പൊലീസുകാരന്‍ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ സംഭവം

123
കൊലപാതകത്തില്‍ പ്രതിഷേധിക്കുന്നവര്‍ മിനിയാപൊളിസിലെ കടകള്‍ക്ക് തീയിട്ടപ്പോള്‍

പ്രതിഷേധക്കാര്‍ അക്രമികളെന്ന്; ട്രംപിന്റെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റര്‍

വാഷിംങ്ടണ്‍: അമേരിക്കയിലെ മിനിയാപൊളിസ് സംസ്ഥാനത്ത് കലാപം പടരുന്നു. കറുത്ത വര്‍ഗക്കാര്‍ക്കെതിരെ പോലീസ് നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരായാണ് ജനക്കൂട്ടം തെരുവിലിറങ്ങിയത്. കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡ് എന്ന നാല്‍പതുകാരന്റെ മരണത്തെ തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. കറുത്ത വര്‍ഗക്കാര്‍ക്കെതിരെ അമേരിക്കയിലെ വെളുത്തവര്‍ തുടരുന്ന വംശവെറിയുടെ ഒടുവിലത്തെ ഇരയാണ് പോലീസുകാരന്റെ മുട്ടിനിടയില്‍ ഞെരിഞ്ഞ് മരിച്ച ജോര്‍ജ് ഫ്ലോയ്ഡ്. അഞ്ച് മിനിറ്റോളമാണ് ഫ്ലോയ്ഡിന്റെ കഴുത്തില്‍ പോലീസുകാരന്‍ മുട്ട് അമര്‍ത്തി നിന്നത്. മോഷണക്കേസ് പ്രതിയാണെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ജോര്‍ജ് ഫ്ലോയ്ഡിനെ പോലീസ് വിലങ്ങണിയിച്ച് കാല്‍മുട്ടിനിടയില്‍ ഞെരിക്കുന്നതിന്റെ വിഡിയോയാണ് പുറത്തുവന്നത്. സംഭവത്തില്‍ പോലീസിനെതിരെ മിനിയാപൊളിസ് മേയര്‍ തന്നെ രംഗത്തുവന്നു. അതേസമയം, പ്രതിഷേധക്കാര്‍ക്കെതിരെയും മേയര്‍ക്കെതിരെയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.
എന്നാല്‍ ജോര്‍ജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടതോടെ കറുത്ത വര്‍ഗക്കാരുടെ പ്രതിഷേധം കത്തുകയായിരുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് മിനിയാപൊളിസ് സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ രൂപംകൊണ്ടത്. മിനിയാപൊളിസിലും അമേരിക്കയുടെ മറ്റ് ഭാഗങ്ങളിലും കലാപം കത്തിപ്പടര്‍ന്നു. പ്രതിഷേധക്കാര്‍ നിരവധി കടകളും കെട്ടിടങ്ങളുമാണ് അഗ്നിക്കിരയായത്. മിനിയാപൊളിസ് പോലീസ് സ്റ്റേഷനും പ്രതിഷേധക്കാര്‍ തീയിട്ടു. കെട്ടിടം കത്തുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
ജോര്‍ജ് ഫ്ലോയ്ഡ് മരിക്കാനിടയായ സംഭവത്തെ മിനിയാപൊളിസ് മേയര്‍ ജേക്കബ് ഫെറി അപലപിച്ചു. എന്നാല്‍ അക്രമം അഴിച്ചുവിട്ടുകൊണ്ടുള്ള പ്രതിഷേധം അംഗീകരിക്കാനാകില്ലെന്ന് മേയര്‍ വ്യക്തമാക്കി.
ജോര്‍ജ് ഫ്ലോയ്ഡിന്റെ ഓര്‍മകളെ അനാദരിക്കുന്ന തരത്തിലുള്ള പ്രതിഷേധമാണ് മിനിയാപൊളിസില്‍ നടക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. തീവെപ്പും കൊള്ളയും നടത്തുന്നവര്‍ അക്രമികളാണെന്നും പ്രതിഷേധക്കാരല്ലെന്നും ട്രംപ് പറഞ്ഞു. ഈ അക്രമികള്‍ നടത്തുന്നത് ജോര്‍ജ് ഫ്ലോയ്ഡിനോടുള്ള അനാദരമാണ്. ഇത് തുടരാന്‍ അനുവദിക്കില്ല. അക്രമവും കൊള്ളയും തുടര്‍ന്നാല്‍ സൈന്യത്തെ ഇറക്കണമെന്ന് മേയര്‍ ടിം വാല്‍സിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.- ട്രംപ് പറഞ്ഞു. അതേസമയം, അക്രമത്തെ മഹത്വവത്കരിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ട്രംപിന്റെ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തു. നഗരത്തില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കഴിയാത്തതിന്റെ ഉത്തരവാദി മേയര്‍ മാത്രമാണെന്നും ട്രംപ് പറഞ്ഞു. ഇടതുപക്ഷക്കാരനായ മേയര്‍ ജേക്കബ് ഫെറി ദുര്‍ബലനായതുകൊണ്ടാണ് അക്രമികള്‍ നഗരത്തില്‍ അഴിഞ്ഞാടുന്നത്. മേയര്‍ക്ക് തന്റെ ജോലി ചെയ്യാന്‍ കഴിയില്ലെങ്കില്‍, താന്‍ ദേശീയ സേനയെ അയക്കുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.