
ചെന്നൈ: ദക്ഷിണേന്ത്യയില്‍ കോവിഡ് ഹോട്ട്സ്പോട്ടായ തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. എട്ട് ദിവസം തുടര്‍ച്ചായി 500ന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനത്ത് ഈ ആഴ്ച തുടക്കത്തില്‍ കോവിഡ് കേസുകള്‍ 500ന് താഴെക്ക് പോയിരുന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി വീണ്ടും കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്.
ചൊവ്വാഴ്ച 688 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനത്ത് ഇന്നലെ പുതുതായി 743 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 13,191 ആയി. മൂന്ന് കോവിഡ് മരണം കൂടി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 87 ആയി ഉയര്‍ന്നു.
ഇന്നലെ സ്ഥിരീകരിച്ച രോഗികളില്‍ ഭൂരിപക്ഷവും ചെന്നൈയിലാണ്. ഇതോടെ ചെന്നൈയില്‍ കോവിഡ് രോഗികളുടെ എണ്ണം 7,869 കവിഞ്ഞു. 87 മരണങ്ങളില്‍ 59 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത് ചെന്നൈയിലാണ്. 5882 പേരാണ് കോവിഡ് മുക്തരായി ആശുപത്രി വിട്ടത്. അതേ സമയം അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ 67 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം 1462 ആയി. ഇതില്‍ 864 ആക്ടീവ് കേസുകളാണ്. 41 മരണവും സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശില്‍ 58 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് രോഗികളുടെ എണ്ണം 2532 ആയി. 1552 പേര് ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. 52 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തെലങ്കാനയില്‍ 40 മരണം റിപ്പോര്‍ട്ട് ചെയ്തു. 1661 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1010 പേര് ഇതിനോടകം തന്നെ രോഗമുക്തി നേടി.