അവര്‍ നാടിന്റെ സ്‌നേഹതണലില്‍

11
കേരളത്തിലേക്ക് തിരിക്കുന്നതിനായി അബുദാബി വിമാനത്താവളത്തില്‍ കാത്തിരിക്കുന്ന യാത്രക്കാര്‍

നെടുമ്പാശ്ശേരിയില്‍ 181 പേരും കരിപ്പൂരില്‍ 189 പേരുമാണ് എത്തിയത്‌

കൊച്ചി/കോഴിക്കോട്: മഹാമാരിയുടെ ഭീതിക്കിടയില്‍ പ്രവാസലോകത്ത് കുടുങ്ങിപ്പോയവര്‍ ഒടുവില്‍ സ്വന്തം നാടിന്റെ കരവലയത്തിലേക്ക് തിരിച്ചെത്തിത്തുടങ്ങി. പ്രവാസികളുടെ ആദ്യ രണ്ടു സം ഘങ്ങളാണ് ഇന്നലെ നെടുമ്പാശ്ശേരിയിലും കരിപ്പൂരിലുമായി വന്നിറങ്ങിയത്. രാത്രി 10-08 നായിരുന്നു നെടുമ്പാശ്ശേരിയില്‍ വിമാനമെത്തിയത്. 10-30ന് കരിപ്പൂരിലും. നീണ്ട പ്രതിഷേധങ്ങള്‍ക്കും മുറവിളികള്‍ക്കുമൊടുവിലാണ് പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന ആവശ്യത്തോട് കേന്ദ്രസര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചത്.
ഉച്ചക്ക് പന്ത്രണ്ടരയോടെ കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം നാലു കുട്ടികള്‍ ഉള്‍പ്പെടെ 181 യാത്രക്കാരുമായാണ് രാത്രി കൃത്യം 10-08ന് കൊച്ചിയില്‍ മടങ്ങിയെത്തിയത്. 49 ഗര്‍ഭിണികളും സംഘത്തിലുണ്ടായിരുന്നു. കനത്ത ആരോഗ്യ സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിയ വിമാനത്താവളത്തില്‍ സ്‌നേഹോഷ്മളമായ വരവേല്‍പ്പാണ് യാത്രക്കാര്‍ക്ക് ലഭിച്ചത്. യാത്രക്കാരില്‍ 25 പേര്‍ എറണാകുളം ജില്ലയില്‍ നിന്നായിരുന്നു. തൃശൂര്‍ – 73, പാലക്കാട് -13, മലപ്പുറം-23, കാസര്‍കോട് -1, ആലപ്പുഴ-15, കോട്ടയം -13, പത്തനംതിട്ട -8 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ നിന്നുള്ള യാത്രക്കാര്‍. കാസര്‍കോട് ജില്ലക്കാരനായ ഏക യാത്രക്കാരനൊഴികെ ഇതര ജില്ലക്കാരായ മറ്റു യാത്രക്കാരെ വിമാനത്താവളത്തില്‍ നിന്നും അതത് ജില്ലകളിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് ബസ് മാര്‍ഗം എത്തിച്ചു. ഗര്‍ഭിണികളായ യാത്രക്കാരെ സ്വകാര്യ വാഹനങ്ങളിലും സിയാല്‍ ടാക്‌സിയിലുമാണ് അവരുടെ വീടുകളിലെത്തിച്ചത്. ഇവര്‍ക്കൊപ്പം മുതിര്‍ന്ന പൗരന്‍മാര്‍, പത്തു വയസില്‍ താഴെയുള്ള കുട്ടികള്‍ എന്നിവരോടും അവരവരുടെ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശം നല്‍കി. കാസര്‍കോട് നിന്നുള്ള യാത്രക്കാരനെയും എറണാകുളം ജില്ലക്കാരെയും കളമശേരിയിലെ എസ്‌സി.എം.എസ് ഹോസ്റ്റലില്‍ നിരീക്ഷണത്തിലാക്കി. ഏറ്റവും കൂടുതല്‍ പേരെത്തിയ തൃശൂരില്‍ നിന്നുള്ളവരെ ഗുരുവായൂരിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി.
ദുബായില്‍ നിന്നുള്ള 189 പേരുമായി എയര്‍ ഇന്ത്യ എക്‌സ് പ്രസിന്റെ പ്രത്യേക വിമാനം ഇന്നലെ രാത്രി 10.30നാണ് കരിപ്പൂരിലെത്തിയത്. മലപ്പുറം ജില്ലയിലെ 85 പേരും കോഴിക്കോട് ജില്ലയിലെ 72 പേരും ഉള്‍പ്പെട്ട സംഘത്തില്‍ പാലക്കാട് ജില്ലയിലെ എട്ട് പേരും വയനാട് നിന്ന് 15 പേരും കണ്ണൂരില്‍ നിന്ന് ഒരാളും കാസര്‍കോട്ടു നിന്ന് നാല് പേരും കോട്ടയത്തെ ഒരാളും ആലപ്പുഴയിലെ രണ്ട് പേരും തിരുവനന്തപുരത്തെ ഒരാളുമുണ്ടായിരുന്നു. സംഘത്തില്‍
അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് വന്ന 14 പേരുണ്ട്. പുറമെ രണ്ട് ഗര്‍ഭിണികള്‍, പത്ത് വയസിന് താഴെ പ്രായമുള്ള മൂന്ന് കുട്ടികള്‍, 75 വയസിന് മുകളില്‍ പ്രായമുള്ള നാല് പേര്‍ എന്നിങ്ങനെയുമുണ്ട്. ഇവര്‍ സ്വന്തം വീടുകളില്‍ പ്രത്യേക നിരീക്ഷണത്തിലാവും. ആരോഗ്യ വകുപ്പിന്റെ കര്‍ശനമായ നിരീക്ഷണത്തില്‍ മാത്രമാവും വീട്ടില്‍ തുടരുക.
കോവിഡ് പശ്ചാത്തലത്തില്‍ വിമാനത്താവളത്തില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര ആരോഗ്യ വകുപ്പിന്റെ രണ്ട് യൂനിറ്റുകള്‍ക്ക് പുറമെ സംസ്ഥാന ആരോഗ്യ വകുപ്പ് എട്ട് യൂണിറ്റ് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും സേവനത്തിന് സജ്ജമായിരുന്നു. പുറമെ പോലീസും സന്നദ്ധ പ്രവര്‍ത്തകരും സജീവമായി. 10.30 ന് ഇറങ്ങിയ യാത്രക്കാര്‍ മെഡിക്കല്‍ പരിശോധനയും മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ അരമണിക്കൂര്‍ ക്ലാസും നല്‍കി 12 മണിക്ക് ശേഷമാണ് ഇവരെ പുറത്തിറക്കിയത്. വിമാനത്തില്‍ തന്നെ സമൂഹ്യ അകലത്തോടെയാണ് യാത്രക്കാരെ കൊണ്ടുവന്നത്. രണ്ട് സെറ്റ് മാസ്‌കുകള്‍ക്ക് പുറമെ സാനിറ്റൈര്‍ കൊണ്ട് കൈ കഴുകിയാണ് വിമാനത്തിലേക്ക് പ്രവേശിപ്പിച്ചതും ഇറക്കിയതും. എയര്‍ ഹോസ്റ്റസ് ഉള്‍പ്പെടെ മുഴുവന്‍ കാബിന്‍ ക്രൂവും പി.പി.ഇ കിറ്റ് ഉപയോഗിച്ച് ശരീരം ആവരണം ചെയ്ത് സുരക്ഷിതത്വം ഉറപ്പാക്കിയിരുന്നു. ഏറെ ആശങ്കകള്‍ ക്കെടുവിലാണ് നാട്ടിലെത്താന്‍ അവസരമായതെന്നും കെ.എം.സി.സി ഉള്‍പ്പെടെയുള്ള വരുടെ സഹായം അനുഗ്രഹമായതായും യാത്രക്കാര്‍ സൂചിപ്പിച്ചു. എത്തിയവരില്‍ കൂടുതല്‍ പേരും താല്‍ക്കാലിക ആവശ്യങ്ങള്‍ക്ക് പോയവരാണ്. പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ സംഘത്തില്‍ ഇല്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഇവരെ മഞ്ചേരി അല്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രികളിലെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടു പോകാന്‍ ആംബുലന്‍സ് ഉള്‍പ്പെടെ വാഹന സൗകര്യമൊരുക്കിയിരുന്നു.
മലപ്പുറം ജില്ലയിലുള്ള വരെ മലപ്പുറം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ള നിലമ്പൂര്‍ കാളികാവിലെ സഫ ഹോസ്പിറ്റലിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പ്രത്യേക നിരീക്ഷണ ത്തിനായി കൊണ്ടുപോയി. ശുചിമുറി സൗകര്യങ്ങളോട് കൂടിയ 100 പ്രത്യേക മുറികളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂര്‍, കാസര്‍ക്കോട് എന്നിവിടങ്ങളിലുള്ള പ്രവാസികളെ ആരോഗ്യ സുരക്ഷ ഉറപ്പാക്കി കെ.എസ്.ആര്‍.ടി.സി ബസുകളില്‍ അതത് ജില്ലകളിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടു പോയി. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകളിലുള്ള വര്‍ക്ക് ടാക്‌സി സംവിധാനവും ഒരുക്കി.
നിലവിലെ സാഹചര്യത്തില്‍ വിമാനത്തിന് പ്രത്യേക പാര്‍ക്കിങ് ബേ, എയറോബ്രിഡ്ജുകള്‍ എന്നിവ വിമാനത്താവളത്തില്‍ ലഭ്യമാക്കിയിരുന്നു. ടെര്‍മിനലിലേക്ക് പ്രവേശിച്ചപ്പോള്‍ തന്നെ ടെമ്പറേച്ചര്‍ ഗണ്‍, തെര്‍മല്‍ സ്‌കാനര്‍ എന്നിവ ഉപയോഗിച്ച് യാത്രക്കാരുടെ താപനില പരിശോധിച്ചു. രോഗലക്ഷണമില്ലാത്തവര്‍ക്ക് ഹെല്‍ത്ത് കൗണ്ടറുകളില്‍ വീണ്ടും ആരോഗ്യ പരിശോധനയും നടത്തി. തുടര്‍ന്ന് ഇവരെ എമിഗ്രേഷന്‍ കൗണ്ടറില്‍ എത്തിച്ച് പരിശോധനക്ക് ശേഷം ബാഗേജ് ഏരിയയിലേക്ക് കൊണ്ടുപോയി. രണ്ടു പേര്‍ വീതമുള്ള അഞ്ചു എമിഗ്രേഷന്‍ കൗണ്ടറുകളാണ് ഇതിനായി സജ്ജമാക്കിയിരുന്നത്. ബാഗേജുമായി പുറത്തുവന്ന ഓരോ യാത്രക്കാരെയും ജില്ലതിരിച്ചുള്ള പ്രത്യേക മേഖലയിലേക്ക് മാറ്റിയ ശേഷമാണ് കെഎസ്ആര്‍ടിസി ബസുകളില്‍ അതത് സ്ഥലങ്ങളിലേക്ക് എത്തിച്ചത്.
രണ്ട് വിമാനത്താവളങ്ങളിലും അര്‍ധരാത്രിയോടെയാണ് യാത്രകളുടെ പരിശോധന പൂര്‍ത്തിയായത്. പുലര്‍ച്ചെയോടെയാണ് എല്ലാവരും വിമാനത്താവളം വിട്ടത്.
എല്ലാ യാത്രക്കാര്‍ക്കും കയ്യുറകള്‍, ഭക്ഷണം, വെള്ളം എന്നിവയടങ്ങിയ പാക്കറ്റ് വിമാനത്താവള അധികൃതര്‍ നല്‍കി. യാത്രക്കാരെ മാറ്റിയതിന് ശേഷം വിമാനത്താവള ടെര്‍മിനലും ഉപകരണങ്ങളും മൂന്നുഘട്ടങ്ങളിലായി അണുനശീകരണ പ്രവര്‍ത്തനങ്ങളും നടത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവാസികള്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴി കേരളത്തിലെത്തും.