അഹമ്മദാബാദ്: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ സംസ്ഥാനമായ ഗുജറാത്തില്‍ രോഗികളുടെ എണ്ണം പെരുകുന്നു. 7013 പേര്‍ക്കാണ് ഗുജറാത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. 425 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അഹമ്മദാബാദിലും സൂറത്തിലുമാണ് കോവിഡ് രോഗികളില്‍ ഏറിയ പങ്കും. ഇരു നഗരങ്ങളിലും കോവിഡ് നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ പുതുതായി നിയമിതരായ ഉദ്ദ്യോഗസ്ഥര്‍ തീരുമാനിച്ചു. കോവിഡ് കേസുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്നലെ അര്‍ധ രാത്രിമുതല്‍ ഒരാഴ്ചത്തേക്ക് അഹമ്മദാബാദ് നഗരം പൂര്‍ണമായും അടച്ചു പൂട്ടി. നഗരത്തില്‍ അഞ്ചു കമ്പനി അര്‍ധ സൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്.
ഒരാഴ്ചത്തേക്ക് പാല്, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവ മാത്രമേ അഹമ്മദാബാദില്‍ തുറക്കൂ. 4625 പേര്‍ക്കാണ് അഹമ്മദാബാദില്‍ കോവിഡ് സ്ഥിരീകരിച്ചത്. 283 മരണവും അഹമ്മദാബാദില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് 7013 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 425 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡ് മരണങ്ങളുടെ ദേശീയ ശരാശരി 3.3 ശതമാനമാണെങ്കില്‍ ഗുജറാത്തില്‍ ഇത് 6.1 ശതമാനമാണ്. 750 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സൂറത്തില്‍ ശനിയാഴ്ച മുതല്‍ അഹമ്മദാബാദിലേതിന് സമാനമായ രൂപത്തിലുള്ള ലോക്ക്ഡൗണ്‍ നടപ്പിലാക്കാനൊരുങ്ങുകയാണ്. കടുത്ത ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അഹമ്മദാബാദ് നഗരത്തില്‍ അവശ്യ സാധനങ്ങള്‍ വാങ്ങാനായി സാമുഹിക അകലം പോലും പാലിക്കാതെ ആളുകള്‍ തിക്കിത്തിരക്കുന്ന കാഴ്ചയാണ് ഇന്നലെ വൈകീട്ട്കണ്ടത്.
ഓണ്‍ലൈന്‍ വഴിയുള്ള ഭക്ഷ്യ ഓര്‍ഡറുകളും അഹമ്മദാബാദില്‍ നിരോധിച്ചിട്ടുണ്ട്. നഗരത്തിലെ സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും തുറന്നില്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.