
ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍, ഒഡീഷ തീരങ്ങളില്‍ ആഞ്ഞടിച്ച് ഉംപുന്‍ ചുഴലിക്കാറ്റ്. ശക്തമായ കാറ്റിലും അകമ്പടിയായി എത്തിയ മഴയിലും വന്‍ നാശനഷ്ടമണ് തീരദേശ ജില്ലകളിലുണ്ടായത്. ചുഴലിക്കാറ്റിനെതുടര്‍ന്ന് പശ്ചിമബംഗാളില്‍ രണ്ടുപേരും ഒഡീഷയില്‍ ഒരാളും മരിച്ചു. വീടിനോടുചേര്‍ന്ന മതിലിലിടിഞ്ഞു വീണ് നാലു മാസം പ്രായമുള്ള കുഞ്ഞാണ് ഒഡീഷയില്‍ മരിച്ചത്. ഭദ്രാക് ജില്ലയിലായിരുന്നു അപകടം. കുട്ടിയുടെ മാതാവിനെ ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പശ്ചിമബംഗാളില്‍ മരിച്ച രണ്ടുപേരും സ്ത്രീകളാണ്. ഹൗറ ജില്ലയിലും ഉത്തരപര്ഗാന ജില്ലയിലുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
വന്‍ നാശനഷ്ടമാണ് കാറ്റ് തീരജില്ലകളില്‍ വിതച്ചത്. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണതിനെതുടര്‍ന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ബന്ധവും അറ്റു. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടു പറ്റിയിട്ടുണ്ട്. നാശനഷ്ടങ്ങളുടെ യഥാര്‍ത്ഥ കണക്കുകള്‍ ശേഖരിച്ചു വരുന്നതേയുള്ളൂ. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉംപുന്‍ ചുഴലിക്കൊടുങ്കാറ്റ് ഇന്നലെ വൈകീട്ട് 4.30ഓടെ പശ്ചിമബംഗാളിലെ ദിഗയിലാണ് തീരം തൊട്ടത്. തൊട്ടുപിന്നാലെ ശക്തമായ കാറ്റും മഴയുമാണ് തീരജില്ലകളില്‍ അനുഭവപ്പെട്ടത്.
രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി ഉംപുന്‍ രൂപം മാറുമെന്ന് കാലാവസ്ഥാ കേന്ദ്രം നേരത്തെ തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു. കാറ്റഗറി അഞ്ചില്‍ വരുന്ന കൊടുങ്കാറ്റിന്റെ ഇനത്തിലാണ് ഉംപുനേയും പെടുത്തിയിരുന്നത്. ഇതേതുടര്‍ന്ന് പശ്ചിമബംഗാള്‍ ഒഡീഷ തീരങ്ങളില്‍നിന്നും ബംഗ്ലാദേശിന്റെ തീര ജില്ലകളില്‍ നിന്നുമായി ലക്ഷക്കണക്കിന് ജനങ്ങളേയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നത്. മണിക്കൂറില്‍ 160- 170 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് ആഞ്ഞു വീശുമെന്നായിരുന്നു മുന്നറിയിപ്പ്. 190 കിലോമീറ്റര്‍ വരെ കാറ്റിന്റെ വേഗത ഉയര്‍ന്നേക്കാമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിരുന്നു. കരയിലേക്ക് കടന്നതിനു പിന്നാലെ 140 കിലോമീറ്റര്‍ വേഗം കൈവരിച്ച കാറ്റ് പിന്നീട് 190കിലോമീറ്റര്‍ വരെ വേഗത്തില്ആഞ്ഞുവീശി.
ഇന്നലെ കാലത്തുമുതല്‍ തന്നെ ബംഗാള്‍, ഒഡീഷ തീരങ്ങളില്‍ സാമാന്യം ശക്തമായ മഴ ദൃശ്യമായിരുന്നു. ഉച്ചക്ക് 2.30നാണ് കാറ്റ് കര തൊട്ടത്.വൈകീട്ട് 4.30ന് ദക്ഷിണ ദിഗ തീരത്തുനിന്നും കൊല്‍ക്കത്ത നഗരത്തിലേക്ക് കടന്നു. ഇതോടെ മഴ ശക്തിയാര്‍ജ്ജിച്ചു. തീരം തൊടുമ്പോള്‍ 95 കിലോമീറ്ററായിരുന്നു കാറ്റിന്റെ വേഗം. ഒരു മണിക്കൂറിനകം 106 കിലോമീറ്ററായി ഉയര്‍ന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങളെ ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളുടെ തീരജില്ലകളില്‍ വിന്യസിച്ചിരുന്നു. രണ്ടുജില്ലകളില്നിന്നുമായി ആറര ലക്ഷം പേരെയാണ് മാറ്റിപാര്‍പ്പിച്ചിരുന്നത്.
കോവിഡ് ഭീതിക്കിടെയെത്തിയ ചുഴലിക്കാറ്റ് തീര മേഖലയിലെ ജനങ്ങളുടെ ജീവിതദുരിതം ഇരട്ടിയാക്കി. ബംഗ്ലാദേശില്‍ മാത്രം 14 ലക്ഷം ജനങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. അതേസമയം തീരദേശ ജില്ലകളില്‍ കെട്ടിയുണ്ടാക്കിയ ടെന്റുകളിലും മറ്റും കഴിയുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ വലിയ ആശങ്കയിലാണ്.