ആത്മനിര്‍ഭര്‍ പാക്കേജ് പുനഃപരിശോധിക്കണമെന്ന് ചിദംബരം; ജി.ഡി.പിയുടെ ഒരു ശതമാനം പോലുമില്ല

18

ന്യൂഡല്‍ഹി: കോവിഡ് ആഘാതം മറികടക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആത്മ നിര്‍ഭര്‍ അഭിയാന്‍ പാക്കേജ് തീര്‍ത്തും അപര്യാപ്തമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി ചിദംബരം. പ്രഖ്യാപനങ്ങളിലെ പൊടിപ്പും തൊങ്ങലും നീക്കിയാല്‍ 1.86 ലക്ഷം കോടി രൂപ മാത്രമാണ് യഥാര്‍ത്ഥത്തില്‍ പാക്കേജില്‍ കേന്ദ്രം ചെലവിടാന്‍ പോകുന്നത്. ഇത് രാജ്യത്തെ മൊത്തോത്പാദനത്തിന്റെ(ജി.ഡി.പി) ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്. കൃത്യമായി പറഞ്ഞാല്‍ 0.91 ശതമാനമെന്നും പി ചിദംബരം പറഞ്ഞു.
ജി.ഡി.പിയുടെ 10 ശതമാനം തുകക്ക് തുല്യമായ പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടിരുന്നത്. അതായത് 20 ലക്ഷം കോടി രൂപയുടെ പാക്കേജ്. ഇതിന്റെ പത്തില്‍ ഒന്നുപോലും വരില്ല കേന്ദ്രം ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതികള്‍. പാക്കേജിന്റെ സിംഹഭാഗവും ലിക്വിഡിറ്റി(ധനവിപണിയില്‍ പണലഭ്യത ഉറപ്പാക്കല്‍) നടപടികള്‍ മാത്രമാണ്. ഉദാരമായി വായ്പ നല്‍കാന്‍ ബാങ്കുകളെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ. അത് കേന്ദ്ര ഖജനാവിന് ഭാരം സൃഷ്ടിക്കുന്നില്ലെന്നിരിക്കെ, ജനങ്ങള്‍ക്ക് നേരിട്ട് ഗുണം ചെയ്യുന്ന കൂടുതല്‍ പദ്ധതികള്‍ കേന്ദ്രം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല. പല വിഭാഗങ്ങളേയും സാമ്പത്തിക പാക്കേജ് പൂര്‍ണമായി വിട്ടു കളഞ്ഞു. ദരിദ്രര്‍, കുടിയേറ്റക്കാര്‍, കര്‍ഷകര്‍, തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍, ചെറുകിട കച്ചവടക്കാര്‍, മധ്യവര്‍ഗവും ഉപരിമധ്യവര്‍ഗവും എന്നിവരെല്ലാം അവഗണിക്കപ്പെട്ടവരില്‍ പെടുന്നു. ഈ സാഹചര്യത്തില്‍ സാമ്പത്തിക പാക്കേജിന്മേലുള്ള നിരാശ പങ്കുവെക്കുന്നതിനൊപ്പം പാക്കേജ് സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. 10 ലക്ഷം കോടിയുടെ എങ്കിലും സംയുക്ത സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചെങ്കില്‍ മാത്രമേ കോവിഡ് ആഘാതത്തില്‍ നിന്ന് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കരക്കെത്തിക്കാനാകൂവെന്നും വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള വാര്‍ത്താ സമ്മേളനത്തില്‍ ചിദംബരം പറഞ്ഞു.
കോവിഡ് അടച്ചിടലിനെ പാര്‍ലമെന്റില്‍ നടത്തേണ്ട നിയമ നിര്‍മാണങ്ങളെ ബൈപാസ് ചെയ്യുന്നതിനുള്ള അവസരമാക്കി കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗിക്കുകയാണ്.പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയെങ്കിലും ചേര്‍ന്ന് സാമ്പത്തിക പാക്കേജിനെക്കുറിച്ച് നിര്‍ബന്ധമായും ചര്‍ച്ചചെയ്യണമെന്നും ചിദംബരം ആവശ്യപ്പെട്ടു.