ആപ്പായി ബെവ്ക്യു; തടിയൂരാന്‍ വഴിതേടി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനെ ആപ്പിലാക്കി മദ്യവിതരണത്തിനായി തയ്യാറാക്കിയ ബെവ്ക്യു ആപ്. തുടര്‍ച്ചയായ രണ്ടാം ദിവസവും ആപ് പ്രവര്‍ത്തനരഹിതമായതോടെ വലിയ വിമര്‍ശനമാണ് സര്‍ക്കാറിനെതിരെ ഉയരുന്നത്. വേണ്ടത്ര സാങ്കേതിക പരിജ്ഞാനമില്ലാത്ത സ്റ്റാര്‍ട്ട് അപ് കമ്പനിയെ ആപ് നിര്‍മ്മിക്കാനുള്ള ചുമതല ഏല്‍പ്പിച്ചതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണവുമായ പ്രതിപക്ഷം നേരത്തെതന്നെ രംഗത്തെത്തിയിരുന്നു. ആപിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.
അതേസമയം ബെവ്ക്യൂ ആപ് നിലനിര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനം. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് നിര്‍മാതാക്കളായ ഫെയര്‍കോഡ് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കോവിഡ് പശ്ചാത്തലത്തില്‍ ഞായറാഴ്ച ഡ്രൈഡേ ആയി സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നാം തീയതി ആയതിനാല്‍ തിങ്കളാഴ്ചയും ഡ്രൈഡേ ആണ്. ഇതിലൂടെ ലഭിച്ച രണ്ടുദിവസത്തെ സാവകാശത്തിലാണ് ബിവറേജസ് കോര്‍പ്പറേഷന്റെ പ്രതീക്ഷ. തിങ്കളാഴ്ചക്കകം സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നും ചൊവ്വാഴ്ച മുതല്‍ ബെവ്ക്യൂ വഴി ടോക്കണ്‍ നല്‍കാന്‍ കഴിയുമെന്നുമാണ് സര്‍ക്കാര്‍ വാദം. ദിവസവും 4.5 ലക്ഷം ഉപഭോക്താക്കള്‍ക്ക് മദ്യം നല്‍കാന്‍ കഴിയുമെന്നാണ് എംഡിയുടെ വാദം.
സാങ്കേതിക പ്രശ്‌നം പരിഹരിച്ചതായി എക്‌സൈസ് മന്ത്രിയുടെ ഓഫീസ് വൈകീട്ടോടെ അവകാശപ്പെട്ടെങ്കിലും ഇതിനുശേഷവും ആപിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാനായിട്ടില്ല. ഇന്നലെ എക്സൈസ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ആപ് പിന്‍വലിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ആപിന്റെ നിര്‍മാതാക്കളായ ഫെയര്‍കോഡിന്റെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ രണ്ടാം ദിവസവും പണിമുടക്കിയതോടെ ആപ്പ് പിന്‍വലിക്കണമെന്ന് ബാറുടമകള്‍ ആവശ്യപ്പെട്ടു. ബാറുകളിലൂടെ മദ്യം വില്‍ക്കാന്‍ അനുമതി നല്‍കണമെന്നും ബാറുടമകളുടെ സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പിന്നാലെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ബാറുകളില്‍ ബെവ്കോ ആപ് ടോക്കണ്‍ ഇല്ലാത്തവര്‍ക്കും മദ്യം നല്‍കുന്നതായി വാര്‍ത്ത പുറത്തുവന്നു. ഇത്തരം ബാറുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രായമായവരടക്കം മദ്യം വാങ്ങാന്‍ എത്തുന്നത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വലിയ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. പല ബാറുകളിലും പൊലീസ് എത്തി ആളുകളെ പിരിച്ചുവിടുകയായിരുന്നു.
ഇതിനിടെ ബെവ്ക്യൂ ആപിന്റെ പ്രമോഷനായി നിര്‍മാതാക്കളായ ഫെയര്‍കോഡ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ നല്‍കിയിരുന്ന പോസ്റ്റുകളെല്ലാം പിന്‍വലിച്ചത് സര്‍ക്കാറിന് കൂടുതല്‍ പ്രഹരമായി. ഇതോടെ പേജിലെ മറ്റു പോസ്റ്റുകള്‍ക്ക് താഴെ വിമര്‍ശനങ്ങളും തെറിവിളികളും കൊണ്ട് ഉപഭോക്താക്കള്‍ പൊങ്കാല തീര്‍ക്കുകയാണ്.