ആരവമില്ലാതെ, ആര്‍പ്പുവിളികളില്ലാതെ തൃശൂര്‍ പൂരം

തൃശൂരില്‍ പൂരദിനമായ ഇന്നലെ വൈകീട്ട് ഒഴിഞ്ഞുകിടകുന്ന ശ്രീവടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയില്‍ നെറ്റിപട്ടം കെട്ടിയ ആനകളുടെ ശില്‍പങ്ങള്‍ വില്‍ക്കുന്നയാള്‍. പൂരനാളില്‍ ഈ സമയത്ത് ജനലക്ഷങ്ങള്‍ ഒഴുകിയെത്തുന്ന കുടമാറ്റം നടക്കുന്ന വേദിയാണിത്. കോവിഡ് ഭീഷണിയില്‍ പൂര ചടങ്ങുകള്‍ ഒഴിവാക്കിയതോടെ കുടമാറ്റവും ഉപേക്ഷിക്കുകയായിരുന്നു.

മഠത്തില്‍ വരവിന്റെയും ഇലഞ്ഞിത്തറ മേളത്തിന്റെയും മേളലഹരിയില്‍ ഉയരുന്ന പതിനായിരങ്ങളുടെ കൈവിരലുകളുടെ താളമില്ല. തെക്കേഗോപുരനടയില്‍ വാനിലേക്കുയരുന്ന കുടമാറ്റത്തിന്റെ ആവേശത്തില്‍ ആര്‍പ്പുവിളികളോടെ അലിയുന്ന പുരുഷാരമില്ല. രാത്രിയില്‍ തീവെട്ടി പന്തങ്ങളുടെ വെളിച്ചത്തില്‍ എഴുന്നള്ളുന്ന ഭഗവതിമാരെ സാക്ഷിനിര്‍ത്തി ശ്രീവടക്കുന്നാഥന്റെ ആകാശത്ത് പെയ്തിറങ്ങുന്ന കരിമരുന്നിന്റെ വിസ്മയങ്ങളുമില്ല. ചരിത്രത്തില്‍ ആദ്യമായി ആളും ആരവങ്ങളും ആര്‍പ്പുവിളികളുമില്ലാതെ തൃശൂര്‍ പൂരം.
പൂരത്തിന്റെ പ്രധാന പങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ക്കൊപ്പം ആറാട്ടുനടത്തി രാവിലെ താന്ത്രികചടങ്ങുകള്‍ പൂര്‍ത്തിയാക്കി. തിരുവമ്പാടിയില്‍ ശീവേലി നടന്നെങ്കിലും ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിച്ചില്ല. പൂരത്തില്‍ പങ്കാളികളായ എട്ടു ഘടക ക്ഷേത്രങ്ങളും അടഞ്ഞുകിടന്നു. ഒരു ക്ഷേത്രത്തിലും ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചില്ല. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നാണ് ഒരാനപുറത്തെ പൂരം പോലും ഒഴിവാക്കിയത്. തൃശൂര്‍ പൂരത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ മഴപെയ്തും മറ്റു ചില കാരണങ്ങള്‍കൊണ്ടും പൂര ചടങ്ങുകളില്‍ ചിലത് മുടങ്ങിയപ്പോഴും ഒരാനപ്പുറത്ത് ചടങ്ങുകള്‍ നടന്നിരുന്നു. എന്നാല്‍ ഇത്തവണ കോവിഡ് ഭീതികാരണം ഒരാനയെപോലും എഴുന്നള്ളിക്കാന്‍ കഴിഞ്ഞില്ല. കൊടിയേറ്റവും കര്‍ശന നിയന്ത്രങ്ങളോടെ ദേശക്കാരെ ഒഴിവാക്കിയാണ് നടന്നത്. പൂരത്തിന്റെ പ്രധാന ഭാഗങ്ങളായ ശ്രീമൂല സ്ഥാനവും തെക്കേഗോപുരനടയും കുഞ്ഞിലഞ്ഞി ചുവടുമെല്ലാം മേടത്തിലെ പൂരനാളിലും ആളനക്കമില്ലാതെ ഒഴിഞ്ഞുകിടന്നു.