ആശങ്ക: 26 പേര്‍ക്ക് കൂടി കോവിഡ്‌

29

തിരുവനന്തപുരം: കൊറോണ ഭീഷണിയില്‍ നിന്ന് ക്രമേണ മുക്തി നേടി വന്ന സംസ്ഥാനത്തിന് തിരിച്ചടിയായി ഇന്നലെ 26 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് 10, മലപ്പുറം 5, പാലക്കാട്, വയനാട് മൂന്നുവീതം, കണ്ണൂര്‍ 2, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ഓരോരുത്തര്‍ എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലത്തെ രണ്ടുപേര്‍ക്കും കണ്ണൂരിലെ ഒരാള്‍ക്കും ഇന്നലെ രോഗം ഭേദമായി. രോഗബാധ സ്ഥിരീകരിച്ചവരില്‍ 14 പേര്‍ പുറത്തുനിന്ന് വന്നവരാണ്. ഏഴുപേര്‍ വിദേശ രാജ്യങ്ങളില്‍നിന്നു വന്നതും രണ്ടുപേര്‍ ചെന്നൈ, നാലുപേര്‍ മുംബൈ, ഒരാള്‍ ബംഗളൂരു എന്നിങ്ങനെ സംസ്ഥാനത്തിനു പുറത്തുനിന്ന് വന്നവരുമാണ്. ശേഷിക്കുന്ന 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇടുക്കിയിലെ ഒരു ബേക്കറി ഉടമക്ക് സെന്റിനല്‍ സര്‍വൈലന്‍സ് പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. കാസര്‍കോട്ട് ഏഴുപേര്‍ക്കും വയനാട്ടില്‍ മൂന്നുപേര്‍ക്കും പാലക്കാട് ഒരാള്‍ക്കുമാണ് സമ്പര്‍ക്കംമൂലം രോഗബാധയുണ്ടായത്. ഇന്നലെ രോഗം ബാധിച്ചവരില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും (കാസര്‍കോട്) ഒരു പൊലീസുകാരനു(വയനാട്)മുണ്ട്. ഇതുവരെ 560 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 64 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 36,910 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 36,362 പേര്‍ വീടുകളിലും 548 പേര്‍ ആസ്പത്രികളിലുമാണ്. ഇന്നു മാത്രം 174 പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 40,692 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 39,619 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 4347 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 4249 നെഗറ്റീവായിട്ടുണ്ട്. ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 15 ആയി കുറഞ്ഞിട്ടുണ്ട്. കണ്ണൂര്‍ 3, കാസര്‍കോട് 3, വയനാട് 7, കോട്ടയം, തൃശൂര്‍ ഒന്നുവീതം എന്നിങ്ങനെയാണ് ഹോട്ട്‌സ്‌പോട്ടുള്ളത്. കഴിഞ്ഞ കുറേ നാളുകളായി ഒറ്റ അക്കത്തിലായിരുന്ന കേസുകളുടെ എണ്ണം ബുധനാഴ്ച പത്ത് ആയി മാറി. ഇന്നലെ വീണ്ടും വര്‍ധിച്ചു. ഇത് നാം നേരിടുന്ന വിപത്തിന്റെ സൂചനയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍, ഈ പ്രതിസന്ധി അഭിമുഖീകരിക്കാനും മറികടക്കാനും കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും എല്ലാ കരുത്തും ഉപയോഗിച്ച് ഇതിനെ അതിജീവിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു