ഇതര സംസ്ഥാനങ്ങളിലെ മുഴുവന്‍ മലയാളികളെയും നാട്ടിലെത്തിക്കണം: പി.കെ കുഞ്ഞാലിക്കുട്ടി

18

മലപ്പുറം : ഇതര സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലേക്ക് തിരിച്ചുവരാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നവരും യാത്ര തിരിച്ചു പാതി വഴിയില്‍ കുടുങ്ങിയവരുമായ മുഴുവന്‍ മലയാളികളെയും യുദ്ധകാല അടിസ്ഥാനത്തില്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ മുന്‍ കരുതലുകളുടെ അഭാവം ഉണ്ടാക്കുന്ന മാനുഷിക പ്രശ്‌നങ്ങള്‍ വളരെ വലുതാണ്. മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിന് കെ.എം.സി.സി അടക്കമുള്ള സന്നദ്ധ സംഘടനകള്‍ സൗജന്യ യാത്ര ഏര്‍പ്പാട് ചെയ്തിട്ട് പോലും കേരള സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ആവശ്യമായ സഹകരണം ലഭിക്കുന്നില്ല. വലിയ പ്രതീക്ഷയോടെ സ്വന്തം നാട്ടിലേക്ക് പുറപ്പെട്ട് പാതിവഴിയില്‍ കുടുങ്ങിയ അവസ്ഥയാണുള്ളത്. സര്‍ക്കാറിന് ഇക്കാര്യത്തില്‍ വ്യക്തമായ ആസൂത്രണമില്ല. ഇവിടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് പറഞ്ഞ് അവരെ തടഞ്ഞുനിര്‍ത്തുമ്പോള്‍ ഗര്‍ഭിണികളും രോഗികളുമടക്കമുള്ളവര്‍ എന്ത് ചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.