ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കണം: ഹൈക്കോടതി

18
ഇന്നലെ വാളയാറില്‍ തമിഴ്‌നാട് ഭാഗത്ത് കേരളത്തിലേക്ക് കടക്കാനായി കാത്തുനില്‍ക്കുന്ന മലയാളികള്‍

രാജ്യത്ത് തീവണ്ടി സര്‍വ്വീസ് പുനരാരംഭിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് റെയില്‍വേ യാത്ര സര്‍വീസ് ക്രമേണ പുനരാരംഭിക്കുന്നു. നാളെ മുതല്‍ 15 ജോഡി തീവണ്ടികള്‍ (30 റിട്ടേണ്‍ യാത്രകള്‍) ആണ് ആരംഭിക്കുന്നത്. ന്യൂഡല്‍ഹി സ്റ്റേഷനില്‍ നിന്നും പ്രത്യേക തീവണ്ടികള്‍ ദിബ്രുഗഡ്, അഗര്‍ത്തല, ഹൗറ, പറ്റ്‌ന, ബിലാസ്പൂര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്തരാബാദ്, ബംഗളൂരു, ചെന്നൈ, തിരുവനന്തപുരം, മഡ്ഗാവ്, മുംബൈ സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മുതാവി എന്നിവടങ്ങളിലേക്ക് സര്‍വീസ് നടത്തും.
ഇന്ന് വൈകീട്ട് നാല് മണിമുതല്‍ ഇതിനായുള്ള ബുക്കിങ് ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റ് വഴി ആരംഭിക്കും. മാസ്‌ക് ധരിക്കല്‍ യാത്രക്കാര്‍ക്ക് നിര്‍ബന്ധമാണ്. യാത്രക്കു മുമ്പ് പരിശോധിച്ച് കോവിഡ് രോഗമില്ലെന്ന് ഉറപ്പ് വരുത്തിയായിരിക്കും യാത്ര. ട്രെയിന്‍ ഷെഡ്യൂള്‍ പിന്നീട് പുറത്തിറക്കുമെന്ന് റെയില്‍വേ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.
അതിനിടെ മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് കേരള സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്ന് കേരളാ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അടിയന്തരമായി ഭക്ഷണവും കുടിവെള്ളവും തുടങ്ങിയ ആവശ്യസാധനങ്ങള്‍ എത്തിക്കണമെന്നും മെഡിക്കല്‍ ട്രീറ്റ്‌മെന്റ് ഉള്‍പ്പെടെയുള്ളവ നല്‍കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. വാളയാറില്‍ എത്തിയവരെ കടത്തിവിടണമെന്നും ഇത് കീഴ്‌വഴക്കമാക്കരുതെന്നും കോടതി വ്യക്തമാക്കി. പൊതുജനതാല്‍പര്യം കണ്ടില്ലെന്നു നടിക്കാനാവില്ല. പാസില്ലാത്തവരെ അതിര്‍ത്തിയില്‍ തടയുന്നവരുടെ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടപെട്ടത്.
ലോക് ഡൗണ്‍ നിയമങ്ങള്‍ കര്‍ശനമായി പാലിച്ചു മാത്രമേ അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചു കേരളത്തിലെത്തിക്കാന്‍ കഴിയൂ എന്ന് സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന യാതൊരു കാര്യങ്ങളും അതിര്‍ത്തികളില്‍ ഒറ്റപ്പെട്ട മലയാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു. കേരളത്തിലേക്ക് മടങ്ങാന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഓരോ ദിവസവും നല്‍കുന്ന പാസുകളുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 1.4 ലക്ഷം പേര്‍ പാസിന് അപേക്ഷ നല്‍കി. 53,000 പേര്‍ക്ക് പാസ് നല്‍കി. അടിയന്തര ആവശ്യങ്ങള്‍ക്കും സ്ഥിരം യാത്രക്കാര്‍ക്കും സ്‌പോട്ട് റജിസ്‌ട്രേഷനുണ്ട്. പാസില്ലാത്തവരെ കടത്തിവിട്ടാല്‍ മുന്‍കരുതല്‍ സംവിധാനങ്ങള്‍ തകരും. അതിര്‍ത്തിയില്‍ ഗൗരവതരമായ പ്രശ്‌നങ്ങളില്ല, മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.