ഇതാണ് കോവിഡ് കാല ഫുട്‌ബോള്‍..

44
യൂറോപ്പില്‍ ഫുട്‌ബോള്‍ നിലച്ചിട്ട് 50 ദിവസം പിന്നിട്ടിരിക്കുന്നു. കോവിഡിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളില്‍ എല്ലാ യൂറോപ്യന്‍ ലീഗുകളും നിലച്ചിരുന്നു. ഇന്നലെ പക്ഷേ ജര്‍മന്‍ ബുണ്ടസ് ലീഗ് മല്‍സരങ്ങള്‍ പുനരാംരാഭിച്ചപ്പോഴുള്ള കാഴ്ച്ചയാണിത.് പശ്ചാത്തലത്തില്‍ ശൂന്യമായ ഗ്യാലറി. കാണികള്‍ ഒരു തരത്തിലും പാടില്ലെന്ന് ജര്‍മന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ബൊറൂഷ്യ ഡോര്‍ട്ടുമണ്ടും ഷാല്‍ക്കെയും തമ്മിലായിരുന്നു ആദ്യ മല്‍സരം. ഡോര്‍ട്ടുമണ്ട് നാല് ഗോളിന് ജയിച്ചു. ടീമിന്റെ ആദ്യ ഗോള്‍ നേടിയ ഹാലാന്‍ഡിന്റെ ആഹ്ലാദ പ്രകടനം നോക്കു. പഴയത് പോലെ ഗോള്‍ നേടിയ താരത്തെ അനുമോദിക്കാന്‍ സഹതാരങ്ങള്‍ക്ക് ഓടിയെത്താനാവില്ല. അവര്‍ സാമുഹിക അകലം പാലിച്ചായിരിക്കണം ഗോള്‍ സ്‌ക്കോററെ അഭിനന്ദിക്കേണ്ടത്. ഗോള്‍ സ്‌ക്കോര്‍ ചെയ്ത താരതത്തിന്റെ ദേഹത്ത് കയറിയുള്ള ആഘോഷങ്ങള്‍ക്കെല്ലാം നിയന്ത്രണമുണ്ട്. പുതിയ ശൈലിയില്‍ നടത്തിയ ഈ കോവിഡ് കാല ഫുട്‌ബോളാണ് ഇനി കാണാന്‍ പോവുന്നതും

മ്യൂണിച്ച്: ശൂന്യമായ ഗ്യാലറികള്‍… ആവേശമില്ലാത്ത താരങ്ങള്‍…. കോവിഡ് സൃഷ്ടിച്ച ഭീതിയില്‍ നിന്നും യൂറോപ്യന്‍ ഫുട്‌ബോള്‍ ഉണര്‍ന്ന കാഴ്ച്ചയില്‍ ജര്‍മന്‍ ബുണ്ടസ്‌ലീഗിന് ഗോള്‍ വേട്ടയില്‍ തുടക്കം. താരങ്ങളാരും മാസ്‌ക്ക് അണിഞ്ഞിരുന്നില്ല. പക്ഷേ അണുമുക്തമായ സ്‌റ്റേഡിയത്തില്‍, സാനിറ്റൈസര്‍ മൈതാനത്തിന്റെ പുത്തന്‍ അതിഥിയായ കാഴ്ച്ചയില്‍ ലീഗില്‍ രണ്ടാം സ്ഥാനക്കാരായ ബൊറൂഷ്യ ഡോര്‍ട്ടുമണ്ട് മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ഷാല്‍ക്കെയെ തകര്‍ത്തപ്പോള്‍ മറ്റൊരു മെഗാ വിജയത്തില്‍ ഹെര്‍ത്താ ബെര്‍ലിന്‍ മൂന്ന് ഗോളിന് ഹോഫന്‍ഹൈമിനെ കീഴടക്കി. ഹാലാന്‍ഡ് എന്ന സൂപ്പര്‍ സ്‌ട്രൈക്കറുടെ കരുത്തിലായിരുന്നു ഡോര്‍ട്ടുമണ്ട്. 29-ാം മിനുട്ടില്‍ ഹാലാന്‍ഡ് നേടിയ ആദ്യ ഗോളിനൊരു ചരിത്രമുണ്ട്. കോവിഡ് തീര്‍ത്ത ലോക്ഡൗണിന് ശേഷം യൂറോപ്പില്‍ ഫുട്‌ബോള്‍ പുനരാരംഭിച്ചപ്പോള്‍ പിറന്ന ആദ്യ ഗോളാണിത്. ഗുരേരയുടെ ബൂട്ടില്‍ നിന്നായിരുന്നു രണ്ടാം ഗോള്‍. 63- ാം മിനുട്ടില്‍ ഗുരേര വീണ്ടും വല ചലിപ്പിച്ചു. മറ്റ് മല്‍സരങ്ങളില്‍ വോള്‍വ്‌സ്ബര്‍ഗ് 2-1 ന് ഓഗസ്ബര്‍ഗ്ഗിനെ കീഴടക്കി. ഡുസല്‍ഡോര്‍ഫ്-പാഡര്‍ബോണ്‍ മല്‍സരവും (0-0) ലൈപ്‌സിഗ്-ഫ്രൈബര്‍ഗ് മല്‍സരവും (1-1) സമനിലയില്‍ കലാശിച്ചു. ഡോര്‍ട്ടുമണ്ടിന്റെ സ്വന്തം മൈതാനമായ ഇദുന പാര്‍ക്കില്‍ സാധാരണഗതിയില്‍ മല്‍സരം കാണാന്‍ നിറഞ്ഞ് കവിഞ്ഞ കാണികള്‍ എത്താറുണ്ടായിരുന്നു. എന്നാല്‍ ഇന്നലെ ഗ്യാലറിയില്‍ ആരുമുണ്ടായിരുന്നില്ല. കോച്ചിംഗ് സ്റ്റാഫും ഗ്രൗണ്ട് സ്റ്റാഫുമെല്ലാം സാമൂഹിക അകലം പാലിച്ചാണ് ഇരുന്നത്. ഇന്ന് ചാമ്പ്യന്മാരായ ബയേണ്‍ ഇറങ്ങും.