ഇന്ന് സി.എച്ച് സെന്റര്‍ ദിനം; കാരുണ്യ സ്പര്‍ശത്തെ പിന്തുണക്കുക

23

കോഴിക്കോട്: പകരംവെക്കാനില്ലാത്ത വിശ്വോത്തര കാരുണ്യ മാതൃകയായ സി.എച്ച് സെന്റര്‍ ദിനം ഇന്ന്. ഒരു പുരുഷായുസ് കൊണ്ട് ഐതിഹാസിക സേവന മുദ്രകള്‍ പതിപ്പിച്ച സി.എച്ച് മുഹമ്മദ് കോയയുടെ നാമധേയത്തില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തുടക്കമിട്ട കോഴിക്കോട് സി.എച്ച് സെന്ററിര്‍ കാരുണ്യ വഴിയിലെ ഹൃദയതാളമാണിന്ന്. 2010ല്‍ ആരംഭിച്ച ഡയാലിസിസ് സെന്ററില്‍ ദിനംപ്രതി മൂന്ന് ഷിഫ്റ്റുകളിലായി 48 രോഗികള്‍ക്ക് തികച്ചും സൗജന്യമായാണ് ഡയാലിസിസ് നടത്തുന്നത്.
സൗജന്യ മരുന്ന്, രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും ഭക്ഷണം, ചികിത്സാ സഹായം, വളണ്ടിയര്‍ സേവനം, രക്തദാനം, ആംബുലന്‍സ് സര്‍വ്വീസ്, മയ്യിത്ത് പരിപാലനം, രോഗികള്‍ക്ക് തീര്‍ത്തും സൗജന്യ ഡയാലിസിസ്, അള്‍ട്രാസൗണ്ട് സി.ടി.സ്‌കാന്‍, ലാബ് ടെസ്റ്റുകള്‍; മെഡിക്കല്‍ കോളേജ് ആസ്പത്രിക്ക് വിവിധങ്ങളായ സജ്ജീകരണങ്ങള്‍ തുടങ്ങി നിരവധി സേവനങ്ങള്‍ ലഭ്യമാക്കിക്കൊണ്ടിരിക്കുന്ന സി.എച്ച് സെന്ററിനെ എല്ലാവരും സഹായിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു.
പാവപ്പെട്ട രോഗികള്‍ക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിന് ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രി തന്നെ സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിലാണ് കമ്മിറ്റിയെന്ന് സെന്റര്‍ പ്രസിഡന്റ് പി കോയയും ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്ററും അറിയിച്ചു. ഇതിന് വേണ്ടി വയനാട് റൂട്ടില്‍ താമരശ്ശേരി മലോറത്ത് ആവശ്യമായ സ്ഥലം എടുത്ത് ആസ്പത്രി സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിച്ച് വരികയാണ്.ദൂര ദിക്കുകളില്‍ നിന്നും മെഡിക്കല്‍ കോളേജില്‍ എത്തുന്നവര്‍ക്ക് താമസിക്കാനും ,ഭക്ഷണ വിതരണം ;മയ്യിത്ത് പരിപാലനം തുടങ്ങിയ കാര്യങ്ങള്‍ക്കും വേണ്ടി മൂന്ന് നില കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി വരികയാണ്. കോവിഡ് 19 മഹാമാരി ലോകമാകെ ഭീതി പരത്തിയ ഈ സാഹചര്യത്തിലും സി.എച്ച്. സെന്റര്‍ അതിന്റെ പ്രവര്‍ത്തനം നിര്‍ത്തിയില്ല. മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും സൗജന്യ ഭക്ഷണം ദിവസേന നല്‍കുന്നു. മെഡിക്കല്‍ കോളേജില്‍ കൊറോണ വാര്‍ഡുകള്‍ സജജീകരിക്കുന്നതിന് കൈമെയ് മറന്ന് പ്രവര്‍ത്തിച്ചത് സി.എച്ച്. സെന്ററിന്റെ വളണ്ടിയര്‍മാരാണ്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ആഹ്വാനം സ്വീകരിച്ച് പാലക്കാട് മുതല്‍ കാസര്‍ക്കോട് വരെയുള്ള ജില്ലകളിലെ പ്രവാസി കുടുംബങ്ങളിലേക്ക് സൗജന്യ മരുന്നുകള്‍ എത്തിക്കുന്ന മെഡികെയര്‍ പദ്ധതി യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡിന്റെ സഹായത്തോടെ നടപ്പിലാക്കിയാണ് വേറിട്ടു നിന്നത്. ആധിയുടെ കാലത്ത് ദൗത്യം തിരിച്ചറിയുന്ന സെന്ററിനെ തുടര്‍ന്നും പിന്തുണക്കണം.