ഇരിട്ടിയില്‍ സി.പി.എം കേന്ദ്രത്തില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം

സ്‌ഫോടനം നടന്ന സ്ഥലം ഇരിട്ടി എസ്‌ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പൊലീസ് പരിശോധിക്കുന്നു

ഇരട്ടി: ഇരിട്ടിക്കടുത്ത് കീഴൂരില്‍ സിപിഎം കേന്ദ്രത്തിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തിക്ക് ഗുരുതര പരിക്ക്. സ്‌ഫോടനത്തില്‍ കൈവിരല്‍ അറ്റുപോയിട്ടുണ്ട്. ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനം നടന്നതെന്ന് സംശയിക്കുന്നു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ മടപ്പുരക്ക് സമീപത്തെ വയലില്‍ വെച്ചാണ് സ്‌ഫോടനം നടന്നത്. കീഴൂര്‍ കണ്ണ്യത്ത് മടപ്പുരക്കടുത്ത് സിപിഎം പ്രവര്‍ത്തകനായ പുളിയില്‍ ഹേമന്തി (26)നാണ് പരിക്കേറ്റത്. കണ്ണൂര്‍ എകെജി ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
അശ്രദ്ധമായി സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്തതിന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പ്രദേശത്ത് പരിശോധന നടത്തി. ഇരിട്ടി സിഐ എ കുട്ടികൃഷ്ണന്‍, എസ്‌ഐ ദിനേശന്‍ കൊതേരി എന്നിവരുടെ നേതൃത്വത്തിലാണ് പ്രദേശത്ത് പരിശോധന നടത്തിയത്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സ്‌ഫോടനത്തിന് ശേഷം സിപിഎം പ്രവര്‍ത്തകരായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു.
സ്‌ഫോടനത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് മുസ്‌ലിം ലീഗ് ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സിപിഎം ശക്തി കേന്ദ്രത്തിലെ സ്‌ഫോടനം ഗൗരവത്തോടെ കാണണമെന്ന് പ്രസിഡന്റ് എംഎം മജീദ് ആവശ്യപ്പെട്ടു. സമാധാനം നിലനില്‍ക്കുന്ന മേഖലയില്‍ അക്രമത്തിന് കോപ്പുകൂട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പിഎ നസീര്‍ ആരോപിച്ചു.