ഇറാഖില്‍ അനിശ്ചിതത്വം നീക്കി പുതിയ ഭരണകൂടം

16
മുസ്തഫ അല്‍ ഖാദിമി

ബഗ്ദാദ്: ഇറാഖില്‍ ആറ് മാസമായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് അന്ത്യംകുറിച്ച് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചു. പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി. മുന്‍ ഇന്റലിജന്‍സ് മേധാവിയായ ഖാദിമി മാധ്യമപ്രവര്‍ത്തകനെന്ന നിലയിലും പരിചയ സമ്പന്നനാണ്. മന്ത്രിസഭാംഗങ്ങളുടെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. മന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ട പലരുടെയും പേരുകള്‍ പാര്‍ലമെന്റ് തള്ളിയിരുന്നു.
ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെയാണ് ഇറാഖ് കടന്നുപോകുന്നതെന്ന് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഖാദിമി പാര്‍ലമെന്റില്‍ പറഞ്ഞു. ആരോഗ്യ, സാമൂഹിക, സാമ്പത്തിക, സുരക്ഷാ വെല്ലുവിളികള്‍ രാജ്യം നേരിട്ടുകൊണ്ടിരിക്കുകയാണ്. നിശ്ചയദാര്‍ഢ്യത്തോടെ ഒന്നിച്ചുനിന്നാല്‍ അവയെ നിഷ്പ്രയാസം മറികടക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. ഭരണത്തിലെ ഉപരിവര്‍ഗ മേല്‍ക്കോയ്മയും അഴിമതിയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മെഹ്ദി രാജിവെച്ചതിനെ തുടര്‍ന്നാണ് രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള രണ്ട് പ്രമുഖരുടെ നാമനിര്‍ദേശങ്ങള്‍ പാര്‍ലമെന്റ് തള്ളിയിരുന്നു.
ഖാദിമി മന്ത്രിസഭയില്‍ ആഭ്യന്തര, ധനകാര്യ, ഊര്‍ജ മന്ത്രിമാര്‍ക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കിയിട്ടുണ്ട്. എണ്ണ, വിദേശകാര്യ മന്ത്രിമാരുടെ കാര്യത്തില്‍ ഇനിയും ധാരണയായിട്ടില്ല. നിയമ, കാര്‍ഷിക, വ്യാപാര വകുപ്പുകളിലേക്ക് ഖാദിമി മുന്നോട്ടുവെച്ച പേരുകള്‍ പാര്‍ലമെന്റ് തള്ളി. പ്രമുഖ പാര്‍ട്ടികളില്‍നിന്നുള്ളവരെ മന്ത്രിസഭയിലെടുക്കാന്‍ സമ്മതിച്ചുകൊണ്ടാണ് സര്‍ക്കാര്‍ രൂപീകരണത്തിന് വഴിയൊരുങ്ങിയത്. ഒത്തുതീര്‍പ്പ് ധാരണപ്രകാരം മന്ത്രിസഭാംഗങ്ങളില്‍ 10 ശതമാനം പേരെ ഖാദിമിക്ക് നിശ്ചയിക്കാം. ബാക്കി 90 ശതമാനവും പ്രമുഖ പാര്‍ട്ടികള്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. മന്ത്രിസഭയില്‍ ഇടംകിട്ടാത്ത ചില പാര്‍ട്ടികള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായിരിക്കും ഭരണകൂടം പ്രഥമ പരിഗണന നല്‍കുകയെന്ന് ഖാദി പ്രഖ്യാപിച്ചു. ഐ.എസ് ഭീഷണി ഉള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ ഖാദിമിയെ കാത്തിരിക്കുന്നുണ്ട്.