കോഴിക്കോട്: രാജ്യസഭാംഗവും മാതൃഭൂമി മാനേജിംഗ് ഡയരക്ടറുമായ എം.പി വീരേന്ദ്രകുമാര്‍ (84) അന്തരിച്ചു. ഇന്നലെ അര്‍ധരാത്രി കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. അല്‍പ്പകാലമായി ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടിയിരുന്ന വീരേന്ദ്രകുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് കരുത്തുറ്റ നേതൃത്വം നല്കിയ വീരേന്ദ്ര കുമാര്‍ കേന്ദ്ര മന്ത്രി. സംസ്ഥാന മന്ത്രി തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു. 48 മണിക്കൂര്‍ മാത്രം സംസ്ഥാന മന്ത്രിയായി റെക്കോര്‍ഡിട്ട വീരേന്ദ്ര കുമാര്‍ രണ്ട് തവണ കേന്ദ്ര മന്ത്രി പദവിയിലെത്തിയിരുന്നു. തൊഴില്‍കാര്യ വകുപ്പിന്റെയും ധനകാര്യ വകുപ്പിന്റെയും ചുമതലയായിരുന്നു അദ്ദേഹത്തിന്. രാം മനോഹര്‍ ലോഹ്യയുടെ ആശയങ്ങളില്‍ ആകൃഷ്ടനായാണ് വയനാട്ടുകാരനായ അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമായത്. യു.ഡി.എഫിലും എല്‍.ഡി.എഫിലുമായി ജനതാ പാര്‍ട്ടിക്കും ജനതാദളിനും നേതൃത്വം നല്കിയ വീരേന്ദ്രകുമാര്‍ അറിയപ്പെടുന്ന എഴുത്തുകാരന് കൂടിയായിരുന്നു. ഹൈമവത ഭൂവില്‍ എന്ന ഗ്രന്ഥത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. മാതൃഭൂമി പത്രത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ച അദ്ദേഹം പി.ടി.ഐ ഉള്‍പ്പെടെയുളള മാധ്യമ സ്ഥാപനങ്ങളുടെ തലവനുമായിരുന്നു. മാതൃഭൂമി ജോയിന്റ് മാനേജിംഗ് ഡയരക്ടറായ ശ്രേയാംസ് കുമാറാണ് മകന്. വയനാട്ടില്‍ നിന്നാണ് അദ്ദേഹം രാജ്യത്തോളം ഉയര്‍ന്നത്. കാര്‍ഷിക ജീവിതത്തില്‍ തുടങ്ങി സോഷ്യലിസറ്റ് പ്രസ്ഥാനത്തിലെത്തിയ വീരേന്ദ്ര കുമാര്‍ സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ ശക്തമായി ശബ്ദിച്ചിരുന്നു.