എന്താണ് സംഭവിക്കുന്നതെന്ന് പറയൂ; ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
കോവിഡ് പ്രതിസന്ധിക്കിടെ അതിര്‍ത്തി തര്‍ക്കത്തെക്കുറിച്ച് സര്‍ക്കാര്‍ മൗനം പാലിക്കുന്നത് വലിയ ഊഹാപോഹങ്ങള്‍ക്കും അനിശ്ചിതത്വത്തിനും കാരണമാവുമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സര്‍ക്കാര്‍ ഇനിയെങ്കിലും കാര്യങ്ങള്‍ തുറന്നു പറയണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ചൈനയുമായുള്ള ഇന്ത്യയുടെ അതിര്‍ത്തി തര്‍ക്കത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നത് ഈ പ്രതിസന്ധി ഘട്ടത്തില്‍ കടുത്ത ഊഹാപോഹങ്ങള്‍ സൃഷ്ടിക്കുന്നതിനും അനിശ്ചിതത്വത്തിനും കാരണമാകും, രാഹുല്‍ ട്വീറ്റ് ചെയ്തു. എന്താണ് സംഭവിക്കുന്നതെന്ന് രാജ്യത്തോട് ഇനിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ലഡാക്കിലെ ഇന്ത്യാ- ചൈന നിയന്ത്രണ രേഖ സംബന്ധിച്ച തര്‍ക്കങ്ങളാണ് നിലവില്‍ രൂക്ഷമായിരിക്കുന്നത്. തുടര്‍ന്ന് ഗുല്‍ദോങ് സെക്ടറിന് സമീപം ചൈന സൈനിക സാന്നിദ്ധ്യം വര്‍ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ലഡാക്കിലും ഉത്തരാഖണ്ഡിലും ഇന്ത്യ അധികമായി സേനയെ വിന്യസിച്ചിരുന്നു. മെയ് ആദ്യവാരം മുതല്‍ സിക്കിം അതിര്‍ത്തിക്ക് സമീപം ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. തങ്ങളുടെ സൈന്യത്തിന്റെ പട്രോളിങ് ഇന്ത്യന്‍ സൈന്യം തടസപ്പെടുത്തിയതായി ചൈനയുടെ ആഭ്യന്തരമന്ത്രാലയം ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള പ്രകോപനം കാരണമാണ് തങ്ങള്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതെന്ന് ചൈന പറഞ്ഞിരുന്നു.