എസ്.എസ്.എല്‍.സി പരീക്ഷ തുടങ്ങി

9
ആരംഭിച്ചപ്പോള്‍ പരീക്ഷാ ഹാളിലേക്ക് വിടും മുമ്പ് വിദ്യാര്‍ത്ഥിനിയെ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിക്കുന്നു. കോഴിക്കോട് ബി ഇ എം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നുള്ള ദൃശ്യം

തിരുവനന്തപുരം: ലോക്ഡൗണിനെത്തുടര്‍ന്ന് മാറ്റിവെച്ച എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് തുടക്കം. വി.എച്ച്.എസ്.ഇ. ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ രാവിലെ 9.45 നും എസ്.എസ്.എല്‍.സി. പരീക്ഷ ഉച്ചയ്ക്ക് 1.45 നുമാണ് നടന്നത്. വി.എച്ച്.എസ്.ഇ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത 56,345 കുട്ടികളില്‍ 55,785 പേരും (99.02 ശതമാനം) എസ്.എസ്.എല്‍.സി കണക്ക് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത 4,22,450 കുട്ടികളില്‍ 4,22,077 പേരും (99.91 ശതമാനം)പരീക്ഷ എഴുതി. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചാണ് വിദ്യാര്‍ത്ഥികളെ സ്‌കൂളിനകത്ത് പ്രവേശിപ്പിച്ചത്. ഗേറ്റിനു പുറത്ത് വച്ച് തന്നെ സാനിറ്റൈസര്‍ നല്‍കുകയും തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധന നടത്തുകയും ചെയ്തു. എല്ലാവര്‍ക്കും മാസ്‌ക്ക് വിതരണം ചെയ്തു. സ്‌കൂള്‍ കവാടത്തിനടുത്ത് പ്രത്യേക ഹെല്‍പ് ഡെസ്‌ക് സജ്ജീകരിച്ചിരുന്നു. നിര്‍ദ്ദേശങ്ങള്‍ മൈക്കിലൂടെ അനൗണ്‍സ് ചെയ്തു. സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങളടങ്ങിയ ലഘുലേഖയും കുട്ടികള്‍ക്ക് നല്‍കി. കുട്ടികള്‍ കൂട്ടം കൂടി നില്‍ക്കാനോ ചേര്‍ന്നിരിക്കാനോ അനുവദിക്കാതെ ക്ലാസ് റൂമുകളിലേക്ക് പോകാനും സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെയും എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നവരെയും പ്രത്യേകം ഗേറ്റുകളിലൂടെയാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കളെ മാത്രം സ്‌കൂളിനകത്ത് പ്രവേശിക്കാന്‍ അനുവദിച്ചു.